ലക്ഷങ്ങളുടെ വിസ തട്ടിപ്പ്: പ്രതി കർണാടകയിൽ പിടിയിൽ

കാസർകോട് : ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ ഹോസ്ദുർഗ് പൊലീസ് കർണാടകയിൽ പിടികൂടി. ഭീമനടി കമ്മാടം സ്വദേശി ജിൻസ് തോമസ് (30) ആണ് അറസ്റ്റിലായത്. ജർമ്മനിയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പേപ്പർ വർക്കുകളുടെ പേരിൽ പരാതിക്കാരനിൽ നിന്ന് എട്ട് ലക്ഷത്തോളം രൂപ കൈപ്പറ്റിയ ശേഷം വിസ നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി.പരാതിക്കാരൻ പലതവണ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കൃത്യമായ മറുപടി ലഭിക്കാതിരുന്നതിനെ തുടർന്നാണ് പരാതി. കഴിഞ്ഞ വർഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി ഒളിവിലാണെന്ന് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി കർണാടകയിലെ ദാബസ്പേട്ട് പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പൊലീസ് സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ ഒരു വർഷത്തോളം പ്രതി ഒരു ഹോട്ടലിൽ മാനേജറായി ജോലി ചെയ്തുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഹോസ്ദുർഗ് ഇൻസ്പെക്ടർ അനൂബ് കുമാർ ഇ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സി.വി. രാമചന്ദ്രൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.കെ. ആനന്ദകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ടി. അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page