16ലക്ഷം രൂപയുടെ വായ്പ പാസായ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കി; കള്ളാര്‍ സ്വദേശിയുടെ യു കെ വിസ ക്യാന്‍സല്‍ ചെയ്തു; 10 വര്‍ഷത്തേയ്ക്ക് വിദേശത്തേയ്ക്കു പോകുന്നതിനും വിലക്ക്, ചതിയന്മാര്‍ക്കെതിരെ കേസ്

കാസര്‍കോട്: 16 ലക്ഷം രൂപയുടെ വായ്പ അനുവദിച്ചുവെന്നു കാണിച്ച് വ്യാജ രേഖ നല്‍കി വഞ്ചിച്ചു; പൊലിഞ്ഞത് ഒരു യുവാവിന്റെ വിദേശത്തെ ഉപരിപഠനമെന്ന സ്വപ്‌നം. സംഭവത്തില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കള്ളാര്‍ പതിനെട്ടാംമൈല്‍, കൊച്ചുകുന്നേല്‍ ഹൗസിലെ അനീഷ് തോമസിന്റെ പരാതിയില്‍ കോട്ടയത്തെ ധനധ ഫണ്ട്‌സിലെ അശ്വിന്‍ അജിത്ത്, അനൂപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. യു കെയിലേയ്ക്ക് ഉപരിപഠനത്തിനു പോകാനായി 16 ലക്ഷം രൂപയുടെ വായ്പയ്ക്കായി പരാതിക്കാരന്‍ ധനധ ഫണ്ട്‌സിനെ സമീപിച്ചിരുന്നു. 72,500 രൂപ പ്രോസസിംഗ് ഫീസായി അടയ്ക്കണമെന്നായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നു അനീഷ് തോമസ് പരാതിയില്‍ പറഞ്ഞു. പണം അടച്ചതോടെ 16 ലക്ഷം രൂപ പാസായതായുള്ള രേഖകള്‍ ലഭിച്ചു. പ്രസ്തുത രേഖകള്‍ ചേര്‍ത്ത് യു കെ വിസയ്ക്കായി അപേക്ഷ നല്‍കി. എന്നാല്‍ പരിശോധനയില്‍ ലോണ്‍ സംബന്ധിച്ച കാര്യങ്ങള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നു കണ്ടെത്തി വിസ നിഷേധിക്കുകയും 10 വര്‍ഷത്തേയ്ക്ക് വിദേശത്തേയ്ക്ക് പോകാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാക്കിയെന്നും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു. തട്ടിപ്പിനെക്കുറിച്ചു പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page