വീട്ടില്‍ മോഷണം പതിവായതോടെ ഇനി വാതില്‍ പൂട്ടില്ലെന്ന തീരുമാനത്തില്‍ വീട്ടുടമ; ഓരോ തവണയും നഷ്ടമാകുന്നത് പണവും സ്വര്‍ണവുമടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍

കണ്ണൂര്‍: തുടര്‍ച്ചയായ മോഷണത്തില്‍ മനംമടുത്ത് വീട്ടുടമ ഇനി വീട് പൂട്ടില്ലെന്ന് തീരുമാനിച്ചു. വീടിന്റെ പൂട്ടുപൊളിച്ച് അടുത്തിടെ അഞ്ചുതവണ വീട്ടില്‍ മോഷണം നടത്തിയവര്‍ സ്വര്‍ണവും പണവും കൊള്ളയടിക്കുകയും ചെയ്തു. വെള്ളൂര്‍ സ്‌കൂള്‍ സ്റ്റോപ്പിന് സമീപത്തെ റിട്ട. പ്രൊഫസര്‍ ആര്‍. സത്യനാഥനാണ് വീട്ടിലെ തുടര്‍ച്ചയായ മോഷണത്തില്‍ വലയുന്നത്. ഓരോ തവണയും വിലപിടിപ്പുള്ള സാധനങ്ങള്‍ അടിച്ചുമാറ്റിയാണ് മോഷ്ടാവ് സ്ഥലം വിടുന്നത്.

ഇതോടെയാണ് മനംമടുത്ത വീട്ടുടമ ഇനി വീട് പൂട്ടില്ലെന്ന് തീരുമാനിച്ചത്. ഓരോ തവണ കള്ളന്‍ കയറുമ്പോഴും വാതില്‍ തകര്‍ക്കുന്നത് വഴി ലക്ഷങ്ങളുടെ അധിക നഷ്ടം കൂടി തനിക്കുണ്ടാകുന്നെന്ന് സത്യനാഥ് പറയുന്നു. ഇതോടെയാണ് വാതില്‍ തകര്‍ക്കുന്നത് ഒഴിവാക്കാന്‍ ഇനി വീട് പൂട്ടില്ലെന്ന തീരുമാനത്തില്‍ അദ്ദേഹം എത്തിയത്.

2002 മുതലാണ് സത്യനാഥിന്റെ വീട്ടില്‍ മോഷണം തുടങ്ങുന്നത്. അന്ന് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണവും പണവും കവര്‍ന്നു. പിന്നീട് പലപ്പോഴായി നടന്ന മോഷണങ്ങളെല്ലാം മുന്‍വാതില്‍ തകര്‍ത്തായിരുന്നു. മൂന്നാം തവണ മോഷണം നടന്നതിന് പിന്നാലെ കള്ളനെ പിടിക്കണം എന്ന വാശിയില്‍ വീട്ടില്‍ സിസിടിവി സ്ഥാപിച്ചു. എന്നാല്‍ അടുത്ത മോഷണത്തില്‍ കള്ളന്‍ സിസിടിവി ഉപകരണങ്ങള്‍ അടക്കം മോഷ്ടിച്ചു.

ഓരോ തവണ മോഷണം നടത്തുമ്പോഴും അറ്റകുറ്റപ്പണി നടത്തിയതിനാല്‍ ഇനി വാതില്‍ മാറ്റുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ആശാരി പറഞ്ഞു. ഇതോടെയാണ് പൂട്ടു വേണ്ടെന്ന തീരുമാനത്തില്‍ ഉടമ എത്തിയത്. മുമ്പ് നടന്ന നാല് മോഷണങ്ങളിലും കേസെടുത്തിരുന്നെങ്കിലും മോഷ്ടാവിനെ പിടിക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page