ഭര്‍ത്താവിനൊപ്പം വീടിന് പുറത്തുനിന്ന് സംസാരിക്കുകയായിരുന്ന നവവധുവിനെ വെടിവച്ചു കൊന്നു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ചണ്ഡീഗഡ്: ഭര്‍ത്താവിനൊപ്പം വീടിന് പുറത്തുനിന്ന് സംസാരിക്കുകയായിരുന്ന നവവധുവിനെ വെടിവച്ചു കൊന്നു. പഞ്ചാബിന്റെ അതിര്‍ത്തി പട്ടണമായ പാട്ടിയിലാണ് സംഭവം. രണ്ട് മാസം മുമ്പ് വിവാഹിതയായ 23 കാരിയായ റൂബിയാണ് കൊല്ലപ്പെട്ടത്. അന്‍ഷ് ഗ്രോവര്‍ ആണ് റൂബിയുടെ ഭര്‍ത്താവ്. ശനിയാഴ്ച വൈകുന്നേരം പാട്ടിയിലെ ഗാര്‍ഡന്‍ കോളനിയിലെ വസതിക്ക് മുന്നില്‍ വച്ചാണ് റൂബിക്ക് വെടിയേറ്റത്. അടുത്തിടെ ടാരണ്‍ തരണില്‍ ഒരു ഗ്രാമ സര്‍പഞ്ചിന് നേരെയും വെടിവയ്പ്പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നവവധുവിന് നേരെയുള്ള ആക്രമണം. നവവധുവിനെ വെടിവച്ചത് കരണ്‍ ആണെന്നും ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും പഞ്ചാബ് പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പഞ്ചാബിലെ സാധാരണക്കാരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തി. മേഖലയിലെ ക്രമസമാധാനം തകര്‍ന്നതായി ഇവര്‍ ആശങ്കപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പാട്ടിയിലെ ഗാര്‍ഡന്‍ കോളനിയിലെ വീടിന്റെ ഗേറ്റിന് മുന്നില്‍ വച്ചാണ് യുവതിക്ക് വെടിയേറ്റത്. അന്‍ഷ് ഗ്രോവര്‍, വീട്ടിന് പുറത്ത് സ്‌കൂട്ടറില്‍ ഇരിക്കുമ്പോള്‍ അവിടെ എത്തിയ അക്രമി അദ്ദേഹത്തെ പ്രകോപനമില്ലാതെ തല്ലി. ഇത് ചോദ്യം ചെയ്ത റൂബിയെ അക്രമി വെടിവയ്ക്കുകയായിരുന്നു എന്ന് പറയുന്നു. അക്രമി റൂബിക്ക് നേരെ വെടിവയ്ക്കുന്നത് കണ്ട് അന്‍ഷ് അവിടെ നിന്നും ഓടി രക്ഷപ്പെടുന്നത് സിസിടിവിയില്‍ കാണാം.

ഗേറ്റിനടുത്ത് വെച്ച് അജ്ഞാതനായ ഒരു യുവാവ് റൂബിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് അന്‍ഷ് ഗ്രോവറിന്റെ അമ്മ റീനു ബാല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ റൂബിയെ ഉടന്‍ തന്നെ പാട്ടിയിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ നില ഗുരുതരമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ മരണം സംഭവിച്ചു. കുറ്റവാളിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് റൂബിയുടെ കുടുംബം ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page