അഫ്ഗാന്‍ അതിര്‍ത്തിയിലെ താലിബാന്‍ കേന്ദ്രങ്ങളില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം; നിരവധി പേര്‍ മരിച്ചതായി സംശയം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍- അഫ്ഗാന്‍ അതിര്‍ത്തിയിലെ താലിബാന്‍ കേന്ദ്രങ്ങളിലും ജനവാസ പ്രദേശങ്ങളിലുള്ള ഒളിത്താവളങ്ങളിലും പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനില്‍ അടുത്തിടെ നടന്ന ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ഉത്തരവാദികളായ, അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളെയാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിട്ടത്.

അതിര്‍ത്തി പ്രവിശ്യകളായ നന്‍ഗര്‍ഹാര്‍, പക്തിക എന്നിവിടങ്ങളിലെ ഒരു മതപാഠശാലയും ജനവാസ കേന്ദ്രങ്ങളുമാണ് തകര്‍ത്തത്. ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ ആക്രമണങ്ങളെ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അപലപിച്ചു. പാക്കിസ്ഥാന്റെ ആക്രണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് മരണം സംഭവിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നന്‍ഗര്‍ഹാറില്‍ കുറഞ്ഞത് 17 പേര്‍ കൊല്ലപ്പെട്ടതായാണ് അഫ്ഗാന്‍ വൃത്തങ്ങള്‍ ആരോപിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങള്‍ നശിപ്പിച്ചതായും പാക്കിസ്ഥാന്‍ അറിയിച്ചു. രാജ്യത്തിനുള്ളില്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെയാണ് നടപടി. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകള്‍ക്കെതിരെ സൈന്യം ഓപ്പറേഷന്‍സ് നടത്തിയതെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ പറഞ്ഞു. അതിര്‍ത്തി മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെയും അതിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കിയിട്ടില്ല.

ഇസ്ലാമാബാദ്, ബജൗര്‍, ബന്നു എന്നിവിടങ്ങളില്‍ അടുത്തിടെ നടന്ന ചാവേര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് മിന്നലാക്രമണമെന്ന് പാക്കിസ്ഥാന്‍ ആവര്‍ത്തിച്ചു. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ബജൗര്‍ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സ്‌ഫോടനം. ആക്രമണകാരി അഫ്ഗാന്‍ പൗരനാണെന്ന് അധികൃതര്‍ പിന്നീട് പറഞ്ഞു. അതിര്‍ത്തി ഓപ്പറേഷന് മണിക്കൂറുകള്‍ക്ക് മുമ്പ്, ബന്നു ജില്ലയിലെ സുരക്ഷാ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് മറ്റൊരു ചാവേര്‍ ബോംബര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ലെഫ്റ്റനന്റ് കേണല്‍ ഉള്‍പ്പെടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page