എഐ ഇംപാക്ട് ഉച്ചകോടി വേദിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചു; 10 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി : 2026 ലെ ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷര്‍ട്ടൂരി പ്രതിഷേധിച്ചു. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രമുഖ കമ്പനികളിലെ സാങ്കേതിക വിദഗ്ധരും സിഇഒമാരും സംസാരിക്കുന്നതിനിടെയാണ് വേദിക്ക് പുറത്ത് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ എത്തിയത്. ഷര്‍ട്ടുകള്‍ കയ്യിലേന്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ തുടര്‍ന്ന് ഹാളിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു.

പ്രധാനമന്ത്രി മോദിയുടെയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത വെളുത്ത ടീ-ഷര്‍ട്ടുകളും ഇന്ത്യ-യുഎസ് വ്യാപാര ബന്ധങ്ങളെ പരാമര്‍ശിക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാരുടെ കൈവശമുണ്ടായിരുന്നു. പുതിയ വ്യാപാര കരാറിലൂടെ ഇന്ത്യയ്ക്ക് അര്‍ഹമായ നേട്ടങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇത് യുഎസിനെ സഹായിക്കാനാണെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.

സംഭവത്തില്‍ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സമ്മിറ്റിലെ പ്രതിഷേധത്തെ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ് രൂക്ഷമായി വിമര്‍ശിച്ചു. സംഭവം ലജ്ജാകരം എന്ന് പറഞ്ഞ അദ്ദേഹം ഭാരതം ഒരു ആഗോള സാങ്കേതിക ശക്തിയായി മാറാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്തെ നാണം കെടുത്തുകയാണെന്ന് എക്‌സില്‍ കുറിച്ചു. ഇത് രാഷ്ട്രീയ എതിര്‍പ്പല്ല, മറിച്ച് രാജ്യത്തിന്റെ ആഗോള പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം അപലപിച്ചു.

കോണ്‍ഗ്രസിനെ സംബന്ധിച്ച് എഐ എന്നാല്‍ ആന്റി ഇന്ത്യ എന്നാണെന്ന് ബിജെപി വക്താവ് നളിന്‍ കോഹ്ലി പരിഹസിച്ചു. ഐഎന്‍സി എന്നത് യഥാര്‍ഥത്തില്‍ എഎന്‍സി (ആന്റി നാഷണല്‍ കോണ്‍ഗ്രസ്) ആണെന്നും അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാണക്കേട്. കോണ്‍ഗ്രസ് അര്‍ബന്‍ നക്സലുകളെപ്പോലെയാണ് പെരുമാറുന്നത്. കോണ്‍ഗ്രസ് ഇന്ത്യാ വിരുദ്ധ പാര്‍ട്ടിയാണ്’ – ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page