വേടന്റെ സംഗീത പരിപാടിയില്‍ ആവേശം വാനോളം; 35 അടി ഉയരമുള്ള വിളക്കു കാലില്‍ കയറി അഭ്യാസം കാണിച്ച സാബുമോന്‍ വൈറലായി, ”തമ്പീ കീളെ ഇറങ്ങപ്പാ”യെന്ന് വേടന്റെ അഭ്യര്‍ത്ഥന

ധര്‍മ്മശാല: റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടയില്‍ ആവേശം മൂത്ത മരംവെട്ട് തൊഴിലാളി 35 അടി ഉയരമുള്ള വിളക്കുകാലില്‍ കയറി അഭ്യാസ പ്രകടനം നടത്തിയത് ഏറെ നേരം പരിഭ്രാന്തി പരത്തി. വിജയിയുടെ ”തമ്പീ കീളെ ഇറങ്ങപ്പാ”എന്ന ഡയലോഗ് പറഞ്ഞാണ് വേടന്‍ ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കിയത്.
ധര്‍മ്മശാലയില്‍ നടന്ന തദ്ദേശ ദിനാഘോഷ ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന പരിപാടിക്കിടെ വ്യാഴാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം.
ആന്തൂര്‍ നഗരസഭാ സ്‌റ്റേഡിയത്തിലെ കൂറ്റന്‍ ഫ്‌ളഡ് ലൈറ്റിനു മുകളിലേയ്ക്കാണ് ഉദയഗിരി അരിവിളഞ്ഞ പൊയില്‍ സ്വദേശിയായ സാബുമോന്‍ ഡൊമനിക് കയറിയത്. വിളക്കു കാലിന്റെ മുകളില്‍ എത്തിയ ഇയാള്‍ ആൾക്കാരെ കൈവീശികാണിക്കുകയും നൃത്തം വയ്ക്കുകളും അഭ്യാസ പ്രകടനം നടത്തുകയും ചെയ്തത് കാണികളില്‍ ആശങ്ക ഉണ്ടാക്കി. ഇതോടെ സംഗീത പരിപാടി നിറുത്തിവച്ചു. ഇയാളെ താഴെ ഇറക്കാൻ ഒടുവില്‍ വേടൻ തന്നെ രംഗത്തിറങ്ങി.താഴെ ഇറങ്ങാന്‍ വേടന്‍ മൈക്കിലൂടെ അഭ്യര്‍ത്ഥിച്ചു. ഇതനുസരിച്ചു താഴെ ഇറങ്ങുന്നതിനിടയിലും സാബുമോന്‍ കൈകള്‍ വിട്ടും കാലുകളിൽ തൂങ്ങിയും അഭ്യാസ പ്രകടനം നടത്തിയതും പരിഭ്രാന്തി ഉണ്ടാക്കി. ഒടുവില്‍ താഴെ ഇറങ്ങിയതോടെയാണ് സ്ഥലത്തുണ്ടായിരുന്നവര്‍ക്ക് ശ്വാസം നേരെ വീണത്. തുടര്‍ന്ന് തളിപ്പറമ്പ് എസ് ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ സാബുമോനെ കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് താലൂക്കാശുപത്രിയില്‍ എത്തിച്ച്‌ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പൊതു സ്ഥലത്ത് ജനങ്ങള്‍ക്ക് ശല്യമാകുംവിധം പെരുമാറിയതിനു കേസെടുത്ത ശേഷമാണ് ഇയാളെ വിട്ടയച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page