കുമ്പള: മുജങ്കാവ് പാര്ഥസാരഥി ക്ഷേത്രത്തില് തീര്ഥസ്നാനത്തിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നും കര്ണാടകയില് നിന്നും ആയിരങ്ങളെത്തി. സ്ത്രീകളും കുട്ടികളും ഉള്പ്പെടെ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. തുലാസംക്രമദിവസത്തിലാണ് ഇവിടെ തീര്ഥസ്നാനം നടക്കുന്നത്. പുലര്ച്ചെ നാലോടെ വാദ്യാഘോഷങ്ങളോടെയാണ് കാവേരി തീര്ഥ സ്നാനം ആരംഭിച്ചത്. വിശ്വാസികള് ക്ഷേത്രകുളത്തില് 3 പ്രാവശ്യം മുങ്ങിക്കയറി മുതിരയും അരിയും അര്പ്പിച്ചു. ക്ഷേത്രമുറ്റത്ത് വച്ചിട്ടുള്ള വലിയപാത്രത്തില് ബാക്കിവച്ച അരിയും മുതിരയും നിക്ഷേപിക്കുകയാണ് ചടങ്ങ്. തീര്ഥസ്നാനം നടത്തി പ്രാര്ഥിച്ചാല് ത്വക്ക് രോഗങ്ങള് ഉള്പ്പെടെ മാറുമെന്നാണ് വിശ്വാസം. ക്ഷേത്രത്തിലും കുളത്തിലും വന്സുരക്ഷയാണ് ഒരുക്കിയിരുന്നത്. ക്ഷേത്രത്തിന് മുന്നിലുള്ള വലിയ തടാകം (കുളം) കാവേരി നദിയോളം തന്നെ പവിത്രമാണെന്നാണ് ഭക്തരുടെ വിശ്വാസം. അതുകൊണ്ട് ഇതിനെ ‘കാവേരി തീര്ത്ഥം’ എന്ന് വിളിക്കുന്നു. അന്നദാനത്തിലും പങ്കെടുത്താണ് വിശ്വാസികള് മടങ്ങുക.







