പരീക്ഷാ കേന്ദ്രത്തിലെത്താന്‍ 10 മിനിറ്റ് വൈകി; പരീക്ഷ എഴുതാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ 10ാം ക്ലാസുകാരി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു

പട്‌ന: പരീക്ഷാ കേന്ദ്രത്തിലെത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ 10ാം ക്ലാസുകാരി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു. പട്‌നയിലെ മസൗരിയിലാണ് ദാരുണമായ സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കോമള്‍ കുമാരിയാണ് മരിച്ചത്. പട്‌നയിലെ ബര്‍ണിയിലായിരുന്നു കോമളിന്റെ പരീക്ഷാകേന്ദ്രം. വീട്ടില്‍ നിന്നു പരീക്ഷാ സെന്ററിലെത്താന്‍ കിലോമീറ്ററോളം യാത്ര ചെയ്യേണ്ടതിനാല്‍ മഹാരാജ് ചക്കിലെ ബന്ധുവിന്റെ വീട്ടിലായിരുന്നു കോമള്‍ താമസിച്ചിരുന്നത്. ചൊവ്വാഴ്ച പരീക്ഷ തുടങ്ങുന്നതിനാല്‍ തിങ്കളാഴ്ച തന്നെ കോമള്‍ എത്തിയിരുന്നു. അവിടെ നിന്ന് ആറ് കിലോമീറ്റര്‍ ദൂരമുണ്ട് പരീക്ഷാകേന്ദ്രത്തിലേക്ക്.

റിപ്പോര്‍ട്ടിംഗ് സമയം രാവിലെ 9 മണി ആയിരുന്നെങ്കിലും, കോമള്‍ എത്താന്‍ 10 മിനിറ്റ് വൈകിയതിനാല്‍ ഗേറ്റ് അടച്ചിരുന്നു. 9:30 ന് ആണ് പരീക്ഷ. ഗേറ്റ് അടച്ചത് കണ്ട് ജീവനക്കാരോട് ഗേറ്റ് തുറക്കണമെന്നും 10 മിനിറ്റ് മാത്രമാണ് താന്‍ താമസിച്ചതെന്നും പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും കോമള്‍ അപേക്ഷിച്ചു. എന്നാല്‍ അവര്‍ കേട്ടഭാവം നടിച്ചില്ല.

ഇതോടെ കടുത്ത നിരാശയില്‍ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് മടങ്ങേണ്ടി വന്ന കോമള്‍ ട്രെയിനില്‍ കയറി വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. ട്രെയിന്‍ പുറപ്പെട്ടതോടെ പുറത്തേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് മരിച്ചത് കോമള്‍ ആണെന്ന് അറിഞ്ഞത്.

ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മൂത്ത മകളാണ് കോമള്‍. രണ്ട് ഇളയ സഹോദരന്മാരുണ്ട്. സംഭവം പുറത്തുവന്നതിന് പിന്നാലെ പരീക്ഷാ നിയമങ്ങള്‍ ഇത്ര കര്‍ശനമായി നടപ്പിലാക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page