ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചു; സംവിധായകന്‍ ഷംസുദീന്‍ സെയ്ബ അറസ്റ്റില്‍

കൊച്ചി: ചിത്രീകരണം പൂര്‍ത്തിയായ സിനിമ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷ്ടിച്ചെന്ന പരാതിയില്‍ സംവിധായകന്‍ ഷംസുദീന്‍ സെയ്ബ അറസ്റ്റില്‍. ‘അഭിലാഷം’ സിനിമയുടെ നിര്‍മാതാവായ ആന്‍ സരിഗ ആന്റണിയുടെ പരാതിയിലാണ് അറസ്റ്റ്. സംവിധായകന് പുറമേ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറും എഡിറ്ററും ക്യാമറമാനും കേസില്‍ പ്രതികളാണ്. ഇവര്‍ക്ക് നേരെയും നടപടി ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് പരാതിക്കും പിന്നാലെയുള്ള അറസ്റ്റിനും കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളാണ് നിര്‍മാതാവ് ഉയര്‍ത്തുന്നത്. ഫെബ്രുവരി രണ്ടാം തീയതിയാണ് തൃപ്പുണ്ണിത്തുറ ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ ആന്‍ സരിഗ പരാതി നല്‍കിയത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷമുള്ള മാസ്റ്റര്‍ ഔട്ട് തന്റെ അനുവാദമില്ലാതെ മറ്റൊരു പാര്‍ട്ടിക്ക് മറിച്ച് കൊടുത്തുവെന്നും നിര്‍മാതാവ് പരാതിയില്‍ പറയുന്നു.

2025 മാര്‍ച്ചില്‍ റിലീസ് ചെയ്ത ‘അഭിലാഷം’ എന്ന ചിത്രത്തില്‍ സൈജു കുറുപ്പും തന്‍വി റാമും ആണ് കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. രണ്ട് കോടി 25 ലക്ഷം രൂപയ്ക്ക് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാം എന്നായിരുന്നു ഷംസുദീന്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ മൂന്നുകോടി 25 ലക്ഷം രൂപ ചെലവായി. സംവിധായകന്‍ തന്നെ കബളിപ്പിക്കുകയും വിശ്വാസ വഞ്ചന നടത്തുകയും ചെയ്തുവെന്നാണ് നിര്‍മാതാവിന്റെ ആരോപണം.

‘മണിയറയിലെ അശോകന്‍’ എന്ന ചിത്രത്തിന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമായിരുന്നു അഭിലാഷം. മലബാറിന്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ നാട്ടിന്‍പുറത്തിന്റെ സൗന്ദര്യവും, ഗൃഹാതുരത്വവുമൊക്കെ നല്‍കിക്കൊണ്ട് റിലീസ് ചെയ്ത ചിത്രം പ്രണയകഥയെ ആസ്പദമാക്കിയുള്ളതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page