പണിമുടക്കിനിടയില്‍ ആരിക്കാടിയില്‍ പൂഴികടത്ത്; ബംബ്രാണയില്‍ പറമ്പില്‍ക്കൂടി റോഡ് ഉണ്ടാക്കി പൂഴികടത്തിനും ചുങ്കം പിരിവ്; 74 കാരനുള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്

കുമ്പള: പണിമുടക്കിനിടയില്‍ തിരക്കിട്ടു പൂഴി കടത്തലില്‍ ഏര്‍പ്പെട്ട പൂഴി ടിപ്പര്‍ പൊലീസ് പിടിച്ചു. ആരിക്കാടി ഹനുമാന്‍ ക്ഷേത്രത്തിനടുത്തുവച്ചു എ എസ് ഐ അതുല്‍റാം, സി പി ഒ സുഭീഷ് എന്നിവര്‍ ചേര്‍ന്നാണ് ടിപ്പര്‍ പിടികൂടിയത്. ഡ്രൈവര്‍ ആരിക്കാടി കുനില്‍ ഹൗസിലെ മുഹമ്മദ് റഫീഖി (39)നെതിരെ കേസെടുത്തു. പൂഴിയുമായി പായുകയായിരുന്ന ടിപ്പര്‍ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. പൂഴിയും ടിപ്പറും കസ്റ്റഡിയിലെടുത്തു.
അതേസമയം പൂഴികടത്തിനു സ്വന്തം പറമ്പിലൂടെ ഷിറിയ പുഴയിലേക്കു റോഡും പുഴയില്‍ നിന്നു വാരിയെടുക്കുന്ന മണല്‍ നിക്ഷേപിക്കാനും അതു ലോറിയില്‍ കടത്തുന്നതിനും പ്ലാറ്റ്‌ഫോം സൗകര്യവും ഏര്‍പ്പെടുത്തിയ സ്ഥലമുടമയായ 74 കാരനെതിരെയും കേസെടുത്തു.
ഓരോ പൂഴിലോറിയില്‍ നിന്നും റോഡ് ഫീസ് ഈടാക്കിയാണ് കടവിലേക്കു ലോറികള്‍ കടത്തിവിടുന്നതെന്ന് അയാള്‍ പൊലീസിനോടു സമ്മതിച്ചു.
ബംബ്രാണ, ബായിക്കട്ട, മാക്കൂര്‍ റോഡിനടുത്തു പട്രോളിംഗ് നടത്തുകയായിരുന്ന എസ് ഐ കെ ശ്രീജേഷ്, ഡ്രൈവര്‍ ജാബിര്‍, ലജീഷ് എന്നിവരാണ് പൂഴി റോഡും അനുബന്ധ സംവിധാനങ്ങളും കണ്ടുപിടിച്ചത്. പൊലീസ് ജീപ്പ് കടവിനടുത്തെത്തിയപ്പോള്‍ പൂഴി കടത്തു വാഹനമാണെന്നു കരുതി എത്തിയ ബംബ്രാണ മാക്കൂര്‍ ഹൗസിലെ അന്തുഞ്ഞി കിളികിളിപോലെ വിവരങ്ങള്‍ പൊലീസിനെ അറിയിച്ചു. ഒരു ലോഡ് പൂഴി പോകുന്നതിനു മുന്‍കൂര്‍ പണം ഈടാക്കുമെന്നും പുഴയില്‍ നിന്നു വാരുന്ന മണല്‍ പറമ്പിലിടാന്‍ ഏര്‍പ്പെടുത്തിയ സൗകര്യവും അവിടെ നിന്നു ലോറിയില്‍ കയറ്റാന്‍ ഏര്‍പ്പെടുത്തിയ പ്ലാറ്റ് ഫോം സംവിധാനവും പൊലീസിനെ ചൂണ്ടിക്കാണിച്ചു വിശദീകരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page