റോഡ് മുറിച്ചുകടക്കുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് 262 കോടി രൂപനഷ്ടപരിഹാരം

വാഷിങ്ടന്‍: റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പൊലീസ് വാഹനം ഇടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാന്‍വി കണ്ടുലയുടെ (23) കുടുംബത്തിന് 262 കോടി രൂപനഷ്ടപരിഹാരം നല്‍കും. സിയാറ്റില്‍ നഗരസഭയാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 29 ദശലക്ഷം ഡോളര്‍ (ഏകദേശം 262 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. ‘ജാന്‍വി കണ്ടുലയുടെ മരണം അങ്ങേയറ്റം ഹൃദയഭേദകമായിരുന്നു. ഈ നഷ്ടപരിഹാരം ജാന്‍വിയുടെ കുടുംബത്തിന് ആശ്വാസവും സമാധാനവും നല്‍കുമെന്ന് നഗരം പ്രത്യാശിക്കുന്നു. ജാന്‍വി കണ്ടുലയുടെ ജീവിതം വിലപ്പെട്ടതായിരുന്നു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നമ്മുടെ സമൂഹത്തിനും പ്രധാനപ്പെട്ടതായിരുന്നു’ – സിറ്റി അറ്റോര്‍ണി എറിക്ക ഇവാന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നഷ്ടപരിഹാര തുകയായ 29 ദശലക്ഷം ഡോളറില്‍ 20 ദശലക്ഷം ഡോളര്‍ ഇന്‍ഷുറന്‍സിലൂടെയാവും കണ്ടെത്തുക. 2023ല്‍ വാഷിങ്ടനിലെ സിയാറ്റിലില്‍ വച്ചാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ ജാന്‍വി പൊലീസ് വാഹനമിടിച്ച് മരിച്ചത്. മറ്റൊരു അടിയന്തര കേസിനായി മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുവന്ന പൊലീസ് ഓഫീസര്‍ കെവിന്‍ ഡേവ് ഓടിച്ച വാഹനമാണ് ജാന്‍വിയെ ഇടിച്ച് തെറിപ്പിച്ചത്. നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ജാന്‍വി.ജാന്‍വിയെ ഇടിക്കുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഡേവ് മനപ്പൂര്‍വ്വം സുരക്ഷാ ക്രമീകരണങ്ങള്‍ അവഗണിച്ചതായി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവിങ് ഓഫീസറെ പൊലീസ് വകുപ്പില്‍ നിന്ന് പുറത്താക്കും. കൂടാതെ 5000 രൂപ പിഴ അടക്കാന്‍ കിങ് കൌണ്ടി പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിടുകയും ചെയ്തു. അപകടത്തിനു ശേഷം മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനായ ഡാനിയല്‍ ഓഡറര്‍, ജാന്‍വിയുടെ മരണത്തെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അവള്‍ക്ക് പരിമിതമായ മൂല്യമേയുള്ളൂവെന്നും നഗരസഭ ഒരു ചെക്ക് എഴുതി നല്‍കിയാല്‍ പ്രശ്‌നം തീരുമെന്നുമായിരുന്നു ഡാനിയലിന്റെ പരിഹാസം. മരണത്തിന് പിന്നാലെ ജാന്‍വിയുടെ കുടുംബം നല്‍കിയ സിവില്‍ കേസിനെ തുടര്‍ന്നാണ് വന്‍തുക നഷ്ടപരിഹാരമായി നല്‍കാന്‍ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ തീരുമാനിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page