12ാം ക്ലാസ് പരീക്ഷയ്ക്കിടെ മക്കള്‍ക്ക് പരീക്ഷാ ഹാളിന്റെ ജനാലയില്‍ പിടിച്ചുകയറി ഉത്തരമെഴുതിയ കടലാസ് കൈമാറിയ രക്ഷിതാക്കളെ ഡ്രോണുകള്‍ പിടികൂടി

മുംബൈ: ഏതൊരു രക്ഷിതാക്കളുടേയും ആഗ്രഹമാണ് മക്കള്‍ പഠിച്ച് നല്ല നിലയില്‍ എത്തണമെന്നത്. അതിനായി എന്തു ത്യാഗം ചെയ്യാനും അവര്‍ തയാറാകും. എന്നാല്‍ ഉന്നത വിജയം നേടാന്‍ പരീക്ഷയ്ക്കിടെ മക്കള്‍ക്ക് ഉത്തരമെഴുതിയ തുണ്ടുപേപ്പറുകള്‍ സാഹസികമായി കൈമാറിയ മാതാപിതാക്കളുടെ ദൃശ്യങ്ങളാണ് മുംബൈയില്‍ നിന്ന് പുറത്തുവരുന്നത്. പരീക്ഷാ ക്രമക്കേടുകള്‍ തടയാന്‍ വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരീക്ഷണത്തിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പരീക്ഷാഹാളിന്റെ ജനാലകളില്‍ തൂങ്ങിക്കിടന്ന് തുണ്ടുകള്‍ കൈമാറുന്ന രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും ദൃശ്യങ്ങളാണ് ഡ്രോണ്‍ പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയര്‍ കോളേജിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

‘ഏകദേശം മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് ഡ്രോണുകള്‍ പകര്‍ത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും’ – ബീഡ് ജില്ലാ മജിസ്‌ട്രേറ്റ് വിവേക് ജോണ്‍സണ്‍ പറഞ്ഞു.

2015ല്‍ ബീഹാറിലും സമാനമായ സംഭവം നടന്നിരുന്നു. ബോര്‍ഡ് പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ക്ക് തുണ്ടുകള്‍ കൈമാറാന്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സ്‌കൂള്‍ കെട്ടിടത്തിന്റെ ചുവരുകളില്‍ കയറി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ കുറഞ്ഞത് 500 വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page