സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണം; കുമ്പളയില്‍ തിരിഞ്ഞു കുത്തല്‍ തുടങ്ങി

കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടര്‍ വല്‍ക്കരണം കുമ്പളയില്‍ തിരിഞ്ഞുകുത്തുന്നു. നൂറുകണക്കിനാളുകള്‍ വിവിധ അത്യാവശ്യങ്ങള്‍ക്കു ദിവസവും എത്തുന്ന കോയിപ്പാടി വില്ലേജ് ഓഫീസിലെ കമ്പ്യൂട്ടര്‍ പ്രിന്റര്‍ നിശ്ചലമായിട്ടു ആറു മാസത്തോടടുത്തു. നാലു കമ്പ്യൂട്ടറുകളുമുണ്ട്. അവ കൂടെക്കൂടെ അനങ്ങാതെ പിണങ്ങി നില്‍ക്കുമ്പോള്‍ ജീവനക്കാര്‍ അതിന്റെ ഉച്ചിക്കിട്ട് ഒന്നു കൊടുക്കും.
അപ്പോള്‍ അവ കുറേ നേരത്തേക്കു പ്രവര്‍ത്തിക്കും. അതു കഴിഞ്ഞു വീണ്ടും പിണങ്ങുമ്പോള്‍ വീണ്ടും വച്ചു കൊടുക്കും. യന്ത്രമാണെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്നാണ് ജീവനക്കാരുടെ അഭിപ്രായം. കിട്ടാനുള്ളതു കിട്ടിയെങ്കിലേ കിട്ടന്‍ ചേട്ടന് ഉറക്കം വരൂ എന്നു പഴഞ്ചൊല്ലു പറഞ്ഞ് അവര്‍ ആശ്വസിക്കും. കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ നാട്ടുകാര്‍ പറയുന്നതൊക്കെ കേള്‍ക്കേണ്ടിവരും. ഈ വിഷമങ്ങളൊക്കെ മേലധികൃതരെ പരാതി വഴിയും നേരിട്ടും അറിയിച്ചെങ്കിലും ഒരു നടപടിയുമില്ലെന്ന് ജീവനക്കാരും നാട്ടുകാരും പറയുന്നു. മേലധികൃതരില്‍ നിന്നു മറുപടി കിട്ടാത്തതു നാട്ടുകാര്‍ക്കു മാത്രമല്ലെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? കീഴ് ജീവനക്കാരോടും ആ മനോഭാവം തന്നെ. ഇടതു സര്‍ക്കാര്‍ വന്നാല്‍ എല്ലാം ശരിയാവുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും നിസ്സഹായരായ ജനങ്ങള്‍ ഓര്‍ക്കുന്നു. അതൊന്നും ശരിയായില്ലെങ്കില്‍ വേണ്ട. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും നുകുതിയടച്ചാല്‍ രസീതും പിന്നെ ജാതിയും മതവുമൊക്കെ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമൊക്കെ മറ്റു പല സര്‍ക്കാര്‍ ഓഫീസുകളും നിര്‍ബന്ധമായി ചോദിക്കുന്നു. അതു കിട്ടിയില്ലെങ്കില്‍ ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞു വയ്ക്കും. അതോടെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും തകരുകയാണ്. ഇതൊക്കെ ആര്, ആരോടു പറയുമെന്നറിയാതെ ജനങ്ങള്‍ വിഷമിക്കുകയാണ്. ആരോടു പറഞ്ഞാല്‍ ആശ്വാസം ലഭിക്കുമെന്ന അന്വേഷണത്തിലാണ് ജനങ്ങളിപ്പോള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page