ശുചിത്വം മഹത്വം: കുമ്പളയില്‍ ദുര്‍ഗന്ധവും നായ ഭീഷണിയും മൂലം കാല്‍നടയാത്രയും ഭീഷണിയില്‍

കുമ്പള: സര്‍ക്കാരിന്റെ ശുചിത്വം മഹത്വം ആഹ്വാനത്തില്‍ ആകൃഷ്ടരായി പഞ്ചായത്തില്‍ അങ്ങുമിങ്ങുമൊക്കെ സ്ഥാപിച്ച മിനി എം സി എഫുകള്‍ മൂലം കുമ്പളയില്‍ മനസ്സമാധാനത്തോടെ വഴി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരിക്കുകയാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ ഭൂമുഖത്തു നിന്നു അപ്രത്യക്ഷമായിക്കിയേ അടങ്ങൂ എന്ന വാശിയിലാണ് പഞ്ചായത്തുകളുടെ പ്രധാന കേന്ദ്രങ്ങളിലൊക്കെ മിനി എം സി എഫുകള്‍ സ്ഥാപിച്ചത്. വേലികെട്ടി താഴിട്ട എം സി എഫുകളില്‍ വീടുകളില്‍ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പന്നങ്ങള്‍ ചാക്കില്‍കെട്ടി മേല്‍ക്കൂരവരെ കുത്തിക്കയറ്റി വച്ചിട്ടുണ്ട്. മിനി എം സി എഫുകളില്‍ പണ്ടുമുതല്‍ സ്ഥാപിച്ച പ്ലാസ്റ്റിക്കുകള്‍ കുത്തി നിറച്ച് വച്ചുകൊണ്ടിരിക്കുന്നതു കാണുന്ന നാട്ടുകാര്‍ ഇതു പ്ലാസ്റ്റിക് മാലിന്യങ്ങളും വീട്ടുമാലിന്യങ്ങളും പ്ലാസ്റ്റിക് സഞ്ചികളില്‍ കെട്ടി ഇതിനു ചുറ്റും തള്ളുകയാണ്. ഈ നിക്ഷേപങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്ളതു കൊണ്ടു തെരുവു നായ്ക്കള്‍ അതു തിന്ന് അതിനു ചുറ്റും കൂട്ടം കൂടി നില്‍ക്കുകയാണ്. കുമ്പളയില്‍ ഗവ. ആശുപത്രിയിലേക്കും സ്‌കൂളിലേക്കുമൊക്കെ പോകേണ്ട വഴിയോരത്താണ് എം സി എഫും മാലിന്യനിക്ഷേപവും നായ്ക്കളുടെ വിഹാരവും. മനുഷ്യര്‍ പോവുമ്പോള്‍ നായ്ക്കള്‍ കൂട്ടം കൂടി നിന്നു അരിശം പ്രകടിപ്പിക്കുന്നുണ്ട്.
ഇത് കേട്ട് ഭയന്ന് ഓടുന്നവരുടെ പിന്നാലെ നായ്ക്കള്‍ ഓടിയടുക്കാറുണ്ടെന്നും ഭാഗ്യം കൊണ്ടു നായയുടെ കടിയേല്‍ക്കാതെ ആളുകള്‍ രക്ഷപ്പെടുന്നുവെന്നേയുള്ളൂവെന്നും ആളുകള്‍ പറയുന്നു.
ശുചിത്വം ഇങ്ങനെയൊക്കെയാണ് പര്യവസാനിക്കുന്നതെങ്കില്‍ മിനി എം സി എഫുകള്‍ ഇളക്കിക്കൊണ്ടുപോയി ജനസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലെവിടെയെങ്കിലും വയ്ക്കണമെന്നു നാട്ടുകാര്‍ പറയുന്നു. അല്ലെങ്കില്‍ അതു സമയാസമയം ക്ലീന്‍ ചെയ്തു സര്‍ക്കാര്‍ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കണം. അതുറപ്പാക്കാന്‍ ശമ്പളം കൊടുത്തു നിറുത്തിയിട്ടുള്ളവര്‍ക്കു കഴിയുന്നില്ലെങ്കില്‍ ആ തസ്തികകളും ഒഴിവാക്കണമെന്നും ആവശ്യമുണ്ട്. ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ വേണ്ട; പക്ഷെ, ജനങ്ങളുടെ പണം കൊണ്ടു ജനങ്ങളെത്തന്നെ ദ്രോഹിച്ചേ അടങ്ങൂ എന്ന വാശി എന്തിനാണെന്നു നിസ്സഹായരായ ജനങ്ങള്‍ ആരായുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page