ഇന്ത്യക്കാരി അബദ്ധത്തില്‍ ചവറ്റുകൂട്ടയിലെറിഞ്ഞത് 12 ലക്ഷം രൂപയുടെ സ്വര്‍ണം; ഉടമയെ കണ്ടെത്തി നഷ്ടപ്പെട്ട സ്വര്‍ണം തിരികെ നല്‍കി ദുബൈ പൊലീസ്

ദുബൈ: അബദ്ധത്തില്‍ ചവറ്റുകൂട്ടയിലെറിഞ്ഞ ഇന്ത്യക്കാരിയുടെ 12.35 ലക്ഷം രൂപ (50,000 ദിര്‍ഹം) വിലമതിക്കുന്ന സ്വര്‍ണം കണ്ടെത്തി ദുബൈ പൊലീസ് തിരിച്ചു നല്‍കി. കാമിനി കണ്ണന്‍ എന്ന ഇന്ത്യക്കാരിക്കാണ് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണം തിരിച്ചുനല്‍കിയത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് കാമിനി ദുബായില്‍ എത്തിയത്.

വിവാഹത്തിന് പോകുമ്പോള്‍ ധരിക്കാന്‍ വേണ്ടി എടുത്ത സ്വര്‍ണത്തിന്റെ മൂല്യം പരിശോധിക്കാനായാണ് അവര്‍ ആഭരണം പുറത്തെടുത്തത്. അപ്പോഴാണ് സ്വര്‍ണം സൂക്ഷിച്ചിരുന്ന പൗച്ച് കീറിത്തുടങ്ങിയത് കാണുന്നത്. തുടര്‍ന്ന് അതിലുണ്ടായിരുന്ന നാല് സ്വര്‍ണ്ണ നാണയങ്ങളും ഒരു സ്വര്‍ണ്ണ ബിസ്‌ക്കറ്റും അവര്‍ മറ്റൊരു പുതിയ പൗച്ചിലേക്ക് മാറ്റി ഡൈനിംഗ് ടേബിളില്‍ വെച്ചു.

വീട് വൃത്തിയാക്കുന്നതിനിടയില്‍ പാഴ് വസ്തുവാണെന്ന് കരുതി കാമിനിയുടെ മകന്‍ ആ പൗച്ച് ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. പിന്നീടാണ് അതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്ന് അറിയുന്നത്. ഇതോടെ നിരാശയിലായ കുടുംബം അത് തിരികെ കിട്ടില്ലെന്ന് കരുതി പരാതി നല്‍കാനും പോയില്ല.

മൂന്ന് ദിവസത്തിന് ശേഷം ഒരു അപ്രതീക്ഷിത സന്ദേശം അവരെ തേടിയെത്തിയപ്പോഴാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വര്‍ണം തിരിച്ചുകിട്ടിയെന്ന് കുടുംബം അറിയുന്നത്. ചവറ്റുകൂട്ടയില്‍ നിക്ഷേപിച്ച സ്വര്‍ണം മാലിന്യം ശേഖരിക്കുന്ന ഒരു തൊഴിലാളിക്ക് ലഭിച്ചിരുന്നു. അയാള്‍ അത് വില്‍ക്കാനായി ദുബായ് ‘ഗോള്‍ഡ് സൂക്കി’ല്‍ എത്തിയപ്പോള്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

മാലിന്യത്തില്‍ നിന്ന് ലഭിച്ചതാണെന്ന് പറഞ്ഞതിന് പിന്നാലെ അത്യാധുനിക വേസ്റ്റ് ട്രാക്കിംഗ് സംവിധാനം വഴി അത് ഏത് കെട്ടിടത്തില്‍ നിന്നാണ് ചവറ്റുകൂട്ടയില്‍ എറിഞ്ഞതെന്ന് തിരിച്ചറിഞ്ഞു. പിന്നീട് ഉടമയെ കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി നാലിന് കാമിനിയുടെ മകന്‍ അഭിമന്യുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സ്വര്‍ണ്ണത്തിന്റെ ഫോട്ടോകളും രസീതുകളും പരിശോധിച്ച് ഉടമസ്ഥാവകാശം ഉറപ്പുവരുത്തി. തുടര്‍ന്ന് സ്വര്‍ണം തിരികെ നല്‍കി. ദുബായ് പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലിന് കുടുംബം നന്ദി പറയുകയാണ് ഇപ്പോള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page