ചൗക്കി-മജല്‍-കമ്പാര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് പുനരാരംഭിക്കണം

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ചൗക്കി-മജല്‍-ബെള്ളൂര്‍-കമ്പാര്‍ റൂട്ടിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജിബ് മന്ത്രി
എം.ബി. രാജേഷിനോട് അഭ്യര്‍ത്ഥിച്ചു.
പഞ്ചായത്തിലെ ചൗക്കി-മജല്‍-ബെള്ളൂര്‍-കമ്പാര്‍ റൂട്ടില്‍ പത്തു വര്‍ഷം മുന്‍പ് കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ സജീവമായിരുന്നു. പിന്നീട് സര്‍വീസുകള്‍ പൂര്‍ണ്ണമായും നിലച്ചു. 10 വര്‍ഷമായി ജനങ്ങള്‍ കിലോമീറ്ററുകള്‍ നടന്നിട്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. സ്വകാര്യ ബസുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നില്ല. ജനസംഖ്യ ഇരട്ടിയിലധികം വര്‍ദ്ധിച്ചു. ഗതാഗത സൗകര്യം തീരെ ഇല്ലാത്ത അവസ്ഥയാണ്. വിദ്യാര്‍ത്ഥികലും പ്രായമായ രോഗികളും തൊഴിലാളികളുമെല്ലാം ബുദ്ധിമുട്ടുന്നു.
ഇത് സംബന്ധിച്ചു ഗതാഗത മന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ്, കെ.എസ്.ആര്‍.ടി.സി യൂണിറ്റ് ഓഫീസര്‍, കെ എസ് ആര്‍ ടി സി എം.ഡി, എം.എല്‍.എ, എം.പി, ജില്ലാ കളക്ടര്‍, ആര്‍.ടി.ഒ, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തുടങ്ങിയവര്‍ക്ക് 20-ല്‍പരം ഇമെയിലുകള്‍ അയച്ചു. ഒരു മറുപടിയുമുണ്ടായിട്ടില്ല.
ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടിയില്ലാതെ നില്‍ക്കേണ്ട നിസ്സഹായാവസ്ഥയിലാണ് തന്നെന്നു പരാതിക്കാരി നിവേദനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് അഭ്യര്‍ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page