പോറ്റിയുടെ കൂടെ ചിത്രത്തില്‍ കാണുന്നവരെല്ലാം ശബരിമല കൊള്ള സംഘത്തില്‍ പെട്ടവരാണെങ്കില്‍ മുഖ്യമന്ത്രിയെ എന്താ പൊലീസ് ചോദ്യം ചെയ്യാത്തത്:സതീശന്‍

കാസര്‍കോട്: പോറ്റിയുടെ കൂടെ നില്‍ക്കുന്നവരെല്ലാം ശബരിമല കൊള്ളക്കേസില്‍ പങ്കാളികളാണെങ്കില്‍ മുഖ്യമന്ത്രിയെ എന്താണ് പൊലീസ് ചോദ്യം ചെയ്യാത്തതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.
മുഖ്യമന്ത്രിക്കൊപ്പം പോറ്റി നില്‍ക്കുന്ന ചിത്രങ്ങളും പ്രചരിച്ചില്ലേ? ശബരിമലക്കൊള്ള വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ അതു സംബന്ധിച്ച കേസും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയായിരുന്നുവെന്നു കാസര്‍കോട്ടു വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ശബരിമല കൊള്ളക്കേസില്‍ അറസ്റ്റിലായതും ജയിലില്‍ കിടന്നതുമൊക്കെ മാര്‍ക്ക്‌സിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരാണ്. പാര്‍ട്ടിയുടെ എംഎല്‍എമാരായിരുന്നവരാണ്. പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ ഉള്ളവരാണ്.
കൊള്ളക്കേസില്‍ അറസ്റ്റിലായി മൂന്നുമാസം ജയിലില്‍ കിടന്ന ഇവര്‍ക്കെതിരെ പാര്‍ട്ടി എന്ത് നടപടിയെടുത്തു? ഭരണം എന്ത് നടപടിയെടുത്തു? മൂന്നുമാസത്തെ കാരാഗൃഹവാസത്തിനു ശേഷം ശബരിമല കൊള്ളസംഘം പുറത്തിറങ്ങിയത് കുറ്റപത്രം കൊടുക്കാതിരുന്നതു കൊണ്ടല്ലേ?
ആരായിരുന്നു കുറ്റപത്രം കൊടുക്കേണ്ടിയിരുന്നത്? മുഖ്യമന്ത്രി നിയന്ത്രിക്കുന്ന പൊലീസല്ലേ? പൊലീസെന്താ കുറ്റപത്രം നല്‍കാതിരുന്നത്? അധികാരികള്‍ പറഞ്ഞതുകൊണ്ടാവില്ലേ? ജനങ്ങള്‍ ഇതെല്ലാം ചര്‍ച്ച ചെയ്യുകയാണെന്നു വിഡി സതീശന്‍ പറഞ്ഞു. ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജിവെക്കണം. മുമ്പത്തെ ദേവസ്വം മന്ത്രിക്ക് എങ്ങനെയാണ് ഈ പ്രശ്‌നത്തില്‍ നിന്ന് വഴുതി മാറാന്‍ കഴിയുക-സതീശന്‍ ആരാഞ്ഞു.
ഇന്നാരംഭിക്കുന്ന യുഡിഎഫ് പുതുയുഗ യാത്ര പത്ത് വര്‍ഷത്തെ ഇടതുമുന്നണിയുടെ അക്കാലയളവിലെ ദുര്‍ഭരണം വെളിപ്പെടുത്താന്‍ വേണ്ടി മാത്രമല്ലെന്നും കേരളത്തിന്റെ ഭാവിയെക്കുറിച്ചും സംസ്ഥാനത്തെ സകല മേഖലകളെക്കുറിച്ചും മുഴുവന്‍ ജനവിഭാഗങ്ങളുടെയും അവസ്ഥയെക്കുറിച്ചും ചര്‍ച്ച ചെയ്യാനും പദ്ധതികള്‍ തയ്യാറാക്കാനും കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നത് സംസ്ഥാനത്തിന്റെ പുതുയുഗ പ്രഖ്യാപനവുമായായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഘടകകക്ഷി നേതാക്കന്മാരും വാര്‍ത്ത സമ്മേളനത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page