പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയ കലം കനിപ്പ് മഹാനിവേദ്യം നാളെ (വെള്ളിയാഴ്ച)

പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ വലിയ കലം കനിപ്പ് മഹാനിവേദ്യം വെള്ളിയാഴ്ച ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ഭണ്ഡാര വീട്ടില്‍ നിന്നുള്ള പണ്ടാരക്കലം ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതോടെ നിവേദ്യ സമര്‍പ്പണം ആരംഭിക്കും. തുടര്‍ന്ന് വീടുകളില്‍ നിന്നുള്ള നേര്‍ച്ചക്കലങ്ങളും സമര്‍പ്പിക്കും. ഇതോടൊപ്പം നാല് പഞ്ചായത്തുകളിലെ വിവിധ പ്രാദേശിക സമിതികളില്‍ നിന്ന് നിവേദ്യ കലങ്ങളുടെ ഘോഷയാത്രകള്‍ ക്ഷേത്രത്തില്‍ എത്തും.

വ്രതശുദ്ധിയോടെ പുത്തന്‍ മണ്‍കലങ്ങളില്‍ ഉണക്കലരി, ശര്‍ക്കര, തേങ്ങ, അരിപ്പൊടി, വെറ്റിലടക്ക എന്നിവ നിറച്ച് വാഴയില കൊണ്ട് വായ മൂടിക്കെട്ടി കൈയില്‍ കുരുത്തോലയുമായി കാല്‍നടയായിട്ടാണ് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തുക. അധികവും സ്ത്രീകളാണ് കലങ്ങളുമായി എത്താറുള്ളത്. മറ്റു സമുദായത്തില്‍പ്പെട്ടവരും ക്ഷേത്രത്തില്‍ നിവേദ്യം സമര്‍പ്പിക്കാറുണ്ട്.

ശനിയാഴ്ച രാവിലെ കലശാട്ടിനുശേഷം പാകം ചെയ്ത നിവേദ്യവും കൂട്ടിക്കെട്ടിയ കുരുത്തോലയില്‍ ചുട്ടെടുത്ത അടയും നേര്‍ച്ച സമര്‍പ്പിച്ചവര്‍ ഏറ്റുവാങ്ങും. ഇത്തവണ പതിനായിരത്തിലധികം കലങ്ങള്‍ നേര്‍ച്ച സമര്‍പ്പണത്തിനെത്തുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page