പറശ്ശിനിക്കടവില്‍ യുവതിയെ കൊന്ന ശേഷം മുങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് പൊലീസ് തെരച്ചില്‍ തുടരുന്നതിനിടയില്‍

പയ്യന്നൂര്‍: പറശ്ശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ട ആളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന്, അയ്യോത്ത്, സ്വദേശി കെ പി വിജയനെയാണ് മാട്ടൂല്‍, സ്ട്രീറ്റ് നമ്പര്‍ 10ല്‍ തെങ്ങില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ചെറുകുന്ന്, അയ്യോത്ത്, കൊവ്വുമ്മല്‍ ഹൗസിലെ പരേതനായ കെ സുരേഷിന്റെ ഭാര്യ കെ സീമ (45)യാണ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്കാണ് വിജയനും സീമയും ലോഡ്ജില്‍ മുറിയെടുത്തത്. ഉച്ച മുതല്‍ വൈകുന്നേരം 6.30വരെയാണ് ഇവര്‍ക്ക് മുറി അനുവദിച്ചിരുന്നത്. നിശ്ചിത സമയത്തിനു മുമ്പ് റിസപ്ഷനില്‍ എത്തിയ വിജയന്‍ മുത്തപ്പന്‍ മഠപ്പുരവരെ പോകുന്നുവെന്നും ഉടന്‍ തിരിച്ചെത്താമെന്നും പറഞ്ഞാണ് പുറത്തേയ്ക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സംശയം തോന്നി നോക്കിയപ്പോഴാണ് മുറിപുറത്തു നിന്നു പൂട്ടിയ നിലയില്‍ കാണപ്പെട്ടത്.
പൊലീസെത്തി മുറി തുറന്നു നോക്കിയപ്പോള്‍ ആണ് സീമയെ കട്ടിലില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിയ പൊലീസ് വിജയനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതിയും മരിച്ചതോടെ കൊലപാതകത്തിന്റെ കാരണം കണ്ടെത്തല്‍ ദുഷ്‌ക്കരമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page