സന്തോഷ് ട്രോഫി ഫുട്‌ബോള്‍; പഞ്ചാബിനെ തകര്‍ത്ത് കേരളം ഫൈനലില്‍

അസം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍ ശക്തരായ പഞ്ചാബിനെ 4- 0ന് തോല്‍പ്പിച്ച് കേരളം ഫൈനലില്‍. എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ജയം.മുഹമ്മദ് റിയാസ് രണ്ടും അജ്സല്‍, വിഘ്നേഷ്എന്നിവര്‍ ഓരോ ഗോളുകള്‍ നേടി. ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ നേടി ആധിപത്യം ഉറപ്പിച്ച ടീം, രണ്ടാം പകുതിയില്‍ ഒരു ഗോള്‍ കൂടി നേടുകയായിരുന്നു.

സര്‍വീസസ് ആണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ എത്തുന്നത്. റെയില്‍വേസിനെ 2- 0 ന് തകര്‍ത്താണ് സര്‍വീസസ് ഫൈനലില്‍ കടന്നത്. ഞായറാഴ്ച സര്‍വീസസും കേരളവും ഫൈനലില്‍ ഏറ്റുമുട്ടും.

ധാക്കുവഖാന സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനല്‍ മത്സരത്തില്‍ മുഹമ്മദ് അജസല്‍ ആദ്യ ഗോള്‍ നേടി. 16ാം മിനിറ്റില്‍ വി. അര്‍ജുന്‍ എടുത്ത കോര്‍ണര്‍ കിക്കിന് അജസല്‍ തലവച്ചു. 1-0. 34ാം മിനിറ്റില്‍ രണ്ടാം ഗോള്‍. വി. അര്‍ജുന്റെ ഗ്രൗണ്ട് ബോള്‍ കോര്‍ണര്‍ ബിബിന്‍ അജയനിലേക്ക്. ബിബിന്‍ പാസ് നീട്ടിയത് പോസ്റ്റില്‍ കാത്തുനിന്ന റിയാസിന്. റിയാസിന്റെ ഷോട്ട് വലയില്‍. 2- 0.

മൂന്നാം ഗോള്‍ പിറന്നത് 45ാം മിനിറ്റില്‍. അജസല്‍ നല്‍കിയ പന്ത് എടുത്ത് ഇടത് വിങ്ങിലൂടെ മുന്നേറിയ എം. വിഘ്‌നേഷിന്റെ ബുള്ളറ്റ് ഷോട്ട്. ഗോള്‍! ആദ്യ പകുതി കേരളം 3- 0 ന് മുന്നില്‍. രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ ഉറച്ച പ്രതിരോധം തടഞ്ഞു. മത്സരം കൈവിട്ടു പോയതോടെ പഞ്ചാബ് പരുക്കന്‍കളി പുറത്തെടുത്തു.

കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ പുറകില്‍നിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹര്‍ജിത് റെഡ് കാര്‍ഡ് കണ്ടു. അവസാന ഗോള്‍ വന്നത് കളിയുടെ 83ാം മിനിറ്റില്‍. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത സജീഷ് പന്ത് മുഹമ്മദ് റിയാസിന് നല്‍കി. റിയാസിന്റെ ഷോട്ട് കേരളം 4-0ന് മുന്നില്‍.
സന്തോഷ് ട്രോഫിയില്‍ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളവും സര്‍വീസസും ഞായറാഴ്ച ഏറ്റുമുട്ടുക. കേരളത്തിന്റെപതിനാറാം ഫൈനലാണിത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page