ആരിക്കാടിയിലെ ടോള്‍ പ്ലാസ പൂട്ടിയത് ജനകീയ സമരത്തിലൂടെ; ആക്ഷന്‍ കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ ബി ജെ പി പങ്കെടുത്തിരുന്നു: എ കെ എം അഷ്‌റഫ് എം എല്‍ എ

കാസര്‍കോട്: ദേശീയപാതയിലെ ആരിക്കാടി ടോള്‍ബൂത്ത് പൂട്ടിയത് ജനകീയ സമരത്തിന്റെ ഫലമായിട്ടാണെന്നു എ കെ എം അഷ്‌റഫ് എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു.
ദേശീയപാതയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്തവരാണ് കാസര്‍കോട്ടെ ജനങ്ങള്‍. ടോള്‍ പിരിവിന് ആരും എതിരല്ല. അന്യായമായ ടോള്‍ പിരിവിനെയാണ് എതിര്‍ത്തത്. അന്യായ ടോള്‍ പിരിവിനെതിരെ മുട്ടേണ്ട വാതിലുകളെല്ലാം മുട്ടി. ഒരു വാതിലും തുറക്കാത്തതിനെ തുടര്‍ന്നാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍ ബി ജെ പി അടക്കമുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തിരുന്നു. മിനുട്‌സ് ബുക്ക് പരിശോധിച്ചു നോക്കിയാല്‍ എല്ലാവര്‍ക്കും അക്കാര്യം മനസ്സിലാകും. പിന്നീട് ബി ജെ പി മാറി നില്‍ക്കുകയായിരുന്നു- എം എല്‍ എ പറഞ്ഞു. അന്യായ ടോള്‍ പിരിവിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ഫാസ്റ്റ് ടാഗ് ഉപയോഗിച്ചു കൊണ്ടുള്ള ടോള്‍ പിരിവ് ആരംഭിക്കുന്നതായുള്ള വിവരം പുറത്തായത്. ഇതിനെതിരെയാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി സമരം തുടങ്ങിയത്. സമരത്തെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. എം എല്‍ എ അടക്കമുള്ളവരെ അറസ്റ്റു ചെയ്തു നീക്കി. ഹൈക്കോടതിയില്‍ ജനകീയ കമ്മിറ്റി അനുകൂല വിധി വരുമെന്ന് തിരിച്ചറിഞ്ഞാണ് ടോള്‍ ബൂത്ത് പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഒട്ടേറെ ത്യാഗങ്ങളാണ് ഇതിനു വേണ്ടി വന്നത്. ഒന്‍പതു കേസുകളില്‍ പ്രതിയായി. ജനങ്ങളുടെയും നീതിയുടെയും വിജയമാണിത്- അഷ്‌റഫ് പറഞ്ഞു. സി പി എം കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈര്‍ അടക്കമുള്ള ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page