കെട്ടിയിട്ടിരുന്ന മൂരികളെ അഴിച്ചു കൊണ്ടുപോയി ; ഇറച്ചിയാക്കിയതായി സംശയം

തളിപ്പറമ്പ്: തളിപ്പറമ്പിൽ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് മൂരികളെ കടത്തിക്കൊണ്ടുപോയതായി പരാതി. ജെ.എഫ്.സി ഫ്രൂട്‌സിന് മുന്‍വശത്തെ സ്ഥലത്ത് കെട്ടിയിട്ടിരുന്ന മൂരികളെയാണ് മോഷ്ടിച്ച് കടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12.30 മണിയോടെയാണ് സംഭവം. സയ്യിദ്‌നഗറിലെ ഇറച്ചി വ്യാപാരിയും നെല്ലിപ്പറമ്പില്‍ താമസക്കാരനുമായ പുതിയപുരയില്‍ മുഹമ്മദ് സാലി മോഷണം സംബന്ധിച്ച് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. തളിപ്പറമ്പിലും പരിസരത്തുമുള്ള വിവിധ അറവ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനായി ഞായറാഴ്ച രാവിലെയാണ് 20 മൂരികളെ ഇറക്കിയത്. ഇതില്‍ ഒരെണ്ണത്തിനെ അറക്കുകയും രണ്ടെണ്ണത്തിനെ മറ്റൊരിടത്ത് കെട്ടിയിടുകയും ചെയ്തിരുന്നു. ശേഷിച്ചിരുന്ന 17 മൂരികളില്‍ നിന്ന് രണ്ടെണ്ണത്തെയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്.
20 മിനുട്ടിന്റെ ഇടവേളകളിലായി മൂരികളെ കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യം സമീപത്തെ വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ ക്യാമറ തിരിച്ചുവച്ചിരുന്നു. ഇതുകണ്ട് സംശയം തോന്നി വീട്ടുകാര്‍ ക്യാമറ പരിശോധിച്ചപ്പോഴാണ് മൂരികളെ കടത്തിക്കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചത്. തുടര്‍ന്ന് ഇവയെ കൊണ്ടുവന്ന ഇറച്ചി വ്യാപാരി മുഹമ്മദ് സാലിയെ വിവരം അറിയിക്കുകയായിരുന്നു. മുക്കോല വട്ടപ്പാറ ഭാഗത്തെ ഹല്‍വ കമ്പനിക്ക് സമീപത്തെ വിജനമായ സ്ഥലത്ത് വാഹനം നിര്‍ത്തിയിട്ട് അവിടേക്ക് മൂരികളെ നടത്തിച്ചുകൊണ്ടുവന്ന് കടത്തുകയായിരുന്നുവെന്നാണ് സൂചന. ക്യാമറയുള്ള സ്ഥലങ്ങള്‍ പരമാവധി ഒഴിവാക്കിയാണ് മോഷ്ടാക്കൾ സ്ഥലം വിട്ടതെന്നു സംശയിക്കുന്നു. അതിനാല്‍ സ്ഥലത്തെക്കുറിച്ച് ധാരണയുള്ള ആരെങ്കിലുമായിരിക്കുമെന്നു സംശയിക്കുന്നു. മൂരികളെ ഇറച്ചിയാക്കിയെന്നു സംശയിക്കുന്നു. ആഴ്ചകള്‍ക്ക് മുമ്പ് കീച്ചേരിയില്‍ നിന്നും കുപ്പത്ത് നിന്നും സമാനരീതിയില്‍ മൂരികളെ കടത്തിക്കൊണ്ടുപോയതായി വിവരമുണ്ട്. സംഭവത്തില്‍ തളിപ്പറമ്പ്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page