കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ തൂമിനാട്ട് പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. വീടിന്റെ മുൻ ഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ അലമാര തകർത്ത് ലക്ഷം രൂപയും സ്വർണ്ണ മോതിരവും അപഹരിച്ചു. സരസ്വതി നഗറിലെ പരേതനായ അഡ്വ. യോഗേന്ദ്ര ആചാര്യയുടെ വീട്ടിൽ ഇന്നലെ (ശനി) രാത്രിയാണ് കവർച്ച നടന്നതെന്നു സംശയിക്കുന്നു.
വീട്ടുടമയുടെ ഭാര്യ ജലജാക്ഷി വീടുപൂട്ടി തലപ്പാടി, ദേവി നഗറിലുള്ള സഹോദരന്റെ വീട്ടിൽ പോയതായിരുന്നു. ഇന്ന് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത് . മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഉപ്പളയിലെ നാലു കടകളിൽ ഇന്നലെ രാത്രി കവർച്ചാ ശ്രമവും ഉണ്ടായി.







