കാസർകോട് : ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ “വാഹന മാലിന്യം” എത്ര ലേലം ചെയ്തിട്ടും കുന്നു കൂടുന്നു. വാഹന മാലിന്യം നീക്കം ചെയ്യാനുള്ള നടപടികൾ നാമമാത്രമാവുന്നതു കൊണ്ടോ ജനങ്ങളിൽ കുറ്റവാസന പെരുകുന്നതു കൊണ്ടോ എന്നറിയില്ലെങ്കിലും വിവിധ കേസുകളിലും അപകടങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പെട്ടു പിടിയിലാവുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ പരിസരത്തു കുന്നു കൂടുകയാണ്. പോലീസ് സ്റ്റേഷൻ വളപ്പും, പരിസരവും വാഹനങ്ങളുടെ ശ്മശാനമായി മാറുന്നു. എപ്പോഴെങ്കിലും ഒരിക്കൽ സർക്കാർ നടത്തുന്ന “ഇ-ലേലം” കൊണ്ടു വാഹന മാലിന്യം പൂർണമായി നീക്കം ചെയ്തു സ്റ്റേഷൻ പരിസരം ശുചീകരിക്കാൻ കഴിയാതെ അധികൃതരും വിഷമിക്കുന്നു. ദിവസേനയെന്നോണമാണ് വിവിധ കേസുകളിലായി നിരവധി വാഹനങ്ങൾ പോലീസ്പിടിച്ചെടുക്കുന്നത്.ഇവ സൂക്ഷിക്കാൻ പോലീസ് സ്റ്റേഷൻ പരിസരത്ത് സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. 2026 സെപ്റ്റംബർ മാസം സംസ്ഥാന സർക്കാർ ആഭ്യന്തരവകുപ്പിന്റെ “സ്പേസ്” പദ്ധതി പ്രകാരം ഉടമസ്ഥരില്ലാത്ത 484 വാഹനങ്ങൾ ഇ ലേലത്തിന് വെച്ചിരുന്നു. ഇതുകൊണ്ടൊന്നും ഓരോ സ്റ്റേഷനിലും കൂട്ടിയിട്ടിരിക്കുന്ന വാഹനപ്പെരുപ്പം കുറക്കാൻ കഴിയില്ല.2011ലെ കേരള പോലീസ് ആക്ട് സെക്ഷൻ 56 പ്രകാരമായിരുന്നു ആഭ്യന്തരവകുപ്പിന്റെ പൊതു ഇ ലേലം . ജില്ലയിൽ കുമ്പള, കാസർകോട് , ബദിയടുക്ക,വിദ്യാനഗർ, മഞ്ചേശ്വരം, മേൽപ്പറമ്പ്,ബേക്കൽ,ഹോസ്ദുർഗ്,നീലേശ്വരം,ചന്തേര തുടങ്ങിയ സ്റ്റേഷൻ വകുപ്പുകളിലെ സ്കൂട്ടർ, മോട്ടോർസൈക്കിൾ,ഓട്ടോറിക്ഷ,കാർ,പിക്കപ്പ് വാൻ തുടങ്ങിയ 454 വാഹനങ്ങളാണ് ലേലത്തിനു വെച്ചത്.
അനധികൃത മണൽക്കടത്ത്, മദ്യം,കഞ്ചാവ്,എംഡി എം എ തുടങ്ങിയ ലഹരി കേസുകൾ, ട്രാഫിക് നിയമലംഘനം, വാഹന അപകടങ്ങൾ, മറ്റു വിവിധ കേസുകൾ എന്നിവയിൽപ്പെടുന്ന വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തു സ്റ്റേഷൻ വളപ്പിൽ എത്തിക്കുന്നത്. കേസുകളും മറ്റും തീരാതെ ഇവ വിട്ടു നൽകാനും കഴിയില്ല. കേസുകളിൽ തീർപ്പ് കൽപ്പിക്കാൻ ഉണ്ടാകുന്ന കാലതാമസവും വാഹനപ്പെരുപ്പത്തിന് കാരണമാവുന്നുണ്ട്. അതുകൊണ്ടുതന്നെ പല വാഹനങ്ങളും മണ്ണോട് ചേർന്ന് നശിക്കുകയും ചെയ്യുന്നു.ഇത്തരം വാഹനങ്ങൾ ആക്രിക്കച്ചവടക്കാർക്ക് പോലും വേണ്ടാത്ത അവസ്ഥയിലാണുള്ളത്.
അതേസമയം കേസുകൾ തീർന്നാലും നശിച്ച വാഹനങ്ങൾ കൊണ്ടുപോകാൻ
ഉടമകൾ താല്പര്യം കാണിക്കാറുമില്ല. കോടതികളിൽ കെട്ടിവയ്ക്കേണ്ട ഭീമമായ തുകകളും ഇതിന് തടസ്സമാ വുന്നുമുണ്ട്.പലപ്പോഴും ഇത്തരത്തിൽ നശിച്ചുകൊണ്ടിരിക്കുന്നതും,ഉടമസ്ഥർക്ക് വേണ്ടാത്തതുമായ വാഹനങ്ങൾ ജെസിബി ഉപയോഗിച്ച് ഒരിടത്ത് കൂട്ടിയിടാറാണ്
പതിവ്.ഇത് പിന്നീട് ഇഴജന്തുക്കളുടെയും, വന്യജീവികളുടെയും താവളമായി മാറുന്നു.







