സർവേ വിഭാഗത്തില്‍ 6,317 ഫയലുകൾ കെട്ടിക്കിടക്കുന്നു; സർവേയർമാരെയും ജീവനക്കാ‌രെയും നിയമിക്കണം: റവന്യൂ മന്ത്രിക്ക് എം.എൽ.എയുടെ നിവേദനം

കാസർകോട്: ജില്ലയിലെ സർവേ ഓഫീസുകളിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം കാരണം 6,317 എൽ.ആർ.എം.( ലാന്‍ഡ് റെക്കോര്‍ഡ്സ് മെയ്ന്റനന്‍സ്) ഫയലുകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുകയാണെന്നും അടിയന്തരമായി സർവേയർമാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കല്ലട്ര മാഹിൻ എം.എൽ.എ റവന്യൂ മന്ത്രി എ.പി അനിൽ കുമാറിന് നിവേദനമയച്ചു.
ഭൂമിയുടെ അതിർത്തി നിർണയം, അതിർത്തി തർക്കങ്ങൾ പരിഹരിക്കൽ, റീസർവേ രേഖകളിലെ അപാകതകൾ തിരുത്തൽ, ഭൂമിയുടെ രേഖകൾ കൃത്യമാക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പൊതുജനങ്ങൾ സമർപ്പിക്കുന്ന അപേക്ഷകളാണ് എൽ.ആർ.എം. വിഭാഗത്തിൽ പരിഗണിക്കുന്നത്. എന്നാൽ ആവശ്യത്തിന് സർവേയർമാർ, ഹെഡ് സർവേയർമാർ, ഡ്രാഫ്റ്റ്സ്മാൻമാർ, അനുബന്ധ ജീവനക്കാർ എന്നിവരില്ലാത്തതിനാൽ അപേക്ഷകളിൽ സമയബന്ധിതമായി നടപടികൾ സ്വീകരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലായി 3,118 എൽ.ആർ.എം. ഫയലുകളാണ് നിലവിൽ തീർപ്പാക്കാനുള്ളത്. ഇതിനു പുറമെ താലൂക്ക് സർവേയർമാരുടെ പക്കൽ 3,199 ഫയലുകളും കെട്ടിക്കിടക്കുന്നു. ആകെ തീർപ്പാക്കാനുള്ള ഫയലുകളുടെ എണ്ണം 6,317 ആയി ഉയർന്നിരിക്കുകയാണ്.
മഞ്ചേശ്വരം താലൂക്കിൽ 715, കാസർകോട് താലൂക്കിൽ 350, ഹോസ്ദുർഗ് താലൂക്കിൽ 2,053 എന്നിങ്ങനെയാണ് എൽ.ആർ.എം. വിഭാഗത്തിൽ തീർപ്പാക്കാനുള്ള ഫയലുകൾ.
ജീവനക്കാരുടെ കുറവ് സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുകയാണ്. മഞ്ചേശ്വരം താലൂക്കിൽ മൂന്ന് സർവേയർമാരും ഒരു ഹെഡ് സർവേയറുമാണുള്ളത്. കാസർകോട് താലൂക്കിൽ ഒരു സർവേയറും ഒരു ഡ്രാഫ്റ്റ്സ്മാനും മാത്രമാണുള്ളത്. ഹോസ്ദുർഗ് താലൂക്കിൽ ഏഴ് സർവേയർമാരും ഒരു ഹെഡ് സർവേയറും ഒരു ഡ്രാഫ്റ്റ്സ്മാനുമാണുള്ളത്. ആവശ്യത്തിന് സാങ്കേതിക ജീവനക്കാരില്ലാത്തത് സർവേ നടപടികളുടെ വേഗതയെ പ്രതികൂലമായി ബാധിക്കുന്നതായും എം.എൽ.എ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്ന കാസർകോട് ജില്ലയിൽ ലഭ്യമായ ഉദ്യോഗസ്ഥരുടെ സേവനം മറ്റു ജില്ലകളിലേക്ക് മാറ്റുന്നത് സർവേ പ്രവർത്തനങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്നും നിവേദനത്തിൽ വ്യക്തമാക്കി.
കെട്ടിക്കിടക്കുന്ന ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് അധിക ജീവനക്കാരെ ഉൾപ്പെടുത്തി പ്രത്യേക എൽ.ആർ.എം മിഷൻ രൂപീകരിക്കണം. താലൂക്ക് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഫയലുകൾക്ക് സമയപരിധി നിശ്ചയിച്ച് തീർപ്പാക്കാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page