ചെറുവത്തൂർ: പത്താനത്ത് തറവാട്ടിലെ ആചാരക്കാരൻ മടിവയലിലെ കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാൻ സഹായിച്ച അന്വേഷണ സംഘത്തെ മടിവയൽ ഗ്രാമം ആദരിച്ചു. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് സമ്മേളനം
പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത് ഉപഹാര സമർപ്പണം നടത്തി. കൊലപാതകം നടന്ന സമയത്ത് ചന്തേര ഇൻസ്പെക്ടറും നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ് പി യുമായ പി.നാരായണൻ, എസ് ഐ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള കൊലക്കേസ് അന്വേഷണ സംഘമാണ് ആദരവ് ഏറ്റുവാങ്ങിയത്. കുഞ്ഞമ്പു ആക്ഷൻ കമ്മിറ്റി കൺവീനർ സജീവൻ മടിവയൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. ലീന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.പി മനോഹരൻ, പി.സുധാകരൻ, പി. ജയൻ, പ്രസ് ഫോറം സെക്രട്ടറി ഉദിനൂർ സുകുമാരൻ, പത്താനത്ത് ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. ആദരവ് ഏറ്റുവാങ്ങിയ കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. നാരായണൻ, എസ്.ഐ ദിവാകരൻ, ടീം അംഗങ്ങളായിരുന്ന പി.വി ഷൈജു, ലിനീഷ്, പി.കെ ഗിരീശൻ, രേഷ്മ പടോളി എന്നിവർ മറുപടി പ്രസംഗം നടത്തി. പി. പ്രമോദ് സ്വാഗതവും എം.വി ലതീഷ് നന്ദിയും പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞമ്പുവിന്റെ ബന്ധുക്കളും നാട്ടുകാരും അന്വേഷണത്തിന് സഹായിച്ചവരും പരിപാടിയിൽ സംബന്ധിച്ചു.







