ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയം; 17കാരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ്: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് 17 കാരനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ഷാജഹാന്‍പൂരിലെ രാവത്പൂര്‍ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ കമലേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി അനീസി(25) നെ പൊലീസ് അറസ്റ്റ് ചെയ്തു.

അനീസിന്റെ 22 കാരിയായ ഭാര്യയുമായി കമലേഷിന് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഭാര്യയുമായി കമലേഷ് ഫോണ്‍ വഴിയും വാട്ട്സ് ആപ്പ് വഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നതായി അനീസ് കണ്ടെത്തിയിരുന്നു. ഇതില്‍ പ്രകോപിതനായ അനീസ് കമലേഷിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ ഗ്രാമത്തിലെ പഞ്ചായത്ത് കെട്ടിടത്തിന് സമീപമാണ് കമലേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ കാണപ്പെട്ടിരുന്നു.

കമലേഷിനെ അനീസ് കൂട്ടിക്കൊണ്ടുപോകുന്നത് സഹോദരി കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. സഹോദരിയാണ് കൊലപാതകത്തില്‍ അനീസിനെ സംശയിച്ച് പൊലീസില്‍ പരാതി നല്‍കിയത്. അനീസിനെ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവന്നത്. കമലേഷിനെ വടികൊണ്ട് തലയ്ക്ക് പലതവണ അടിച്ചുവെന്ന് അനീസ് സമ്മതിച്ചു. കഠിനമായ മര്‍ദനമാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page