സംഗീത സംവിധായകന്‍ എസ്.പി.വെങ്കിടേഷ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ശുചിമുറിയില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

1980 കളിലും 90 കളിലും നിരവധി ഹിറ്റ് ഗാനത്തിന് സംഗീതം ഒരുക്കിയിരുന്നു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പിതാവില്‍ നിന്നാണ് അദ്ദേഹത്തിന് സംഗീതം പകര്‍ന്നുകിട്ടിയത്.

150 ലധികം പാട്ടുകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ഗിറ്റാറിസ്റ്റായി 1971ല്‍ സംഗീത സംവിധായകന്‍ വിജയ ഭാസ്‌കറിനൊപ്പമായിരുന്നു സിനിമയില്‍ തുടക്കം കുറിച്ചത്. 1975ല്‍ കന്നഡ സിനിമകളില്‍ അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടറായി ചുവടുറപ്പിച്ചു. ‘പ്രേമയുദ്ധ’ എന്ന തെലുങ്ക് ചിത്രത്തിലൂടെ 1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.

മലയാള സിനിമയില്‍ രാഘവന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള സംഗീതജ്ഞര്‍ക്കൊപ്പം വെങ്കടേഷ് മാന്‍ഡലിന്‍ വായിച്ചും അസിസ്റ്റന്റ് മ്യൂസിക് ഡയറക്ടാറായും പ്രവര്‍ത്തിച്ചു. സത്യന്‍ അന്തിക്കാട് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് മലയാള സിനിമകളില്‍ സംഗീത സംവിധായകനായി സജീവമാകുന്നത്.

ഡെന്നിസ് ജോസഫും തമ്പി കണ്ണന്താനവുമായിരുന്നു എസ്.പി വെങ്കടേഷിനെ മലയാളത്തില്‍ കൂടുതല്‍ പരിചിതനാക്കിയത്. തമ്പി കണ്ണന്താനത്തിന്റെ ‘രാജാവിന്റെ മകനിലെ’ സംഗീതവും പശ്ചാത്തല സംഗീതവും മലയാളികള്‍ നെഞ്ചിലേറ്റി.

തൊണ്ണൂറുകളോടെ എസ്.പി വെങ്കടേഷ് മലയാളത്തില്‍ തിളങ്ങി. രാജാവിന്റെ മകന്‍, വിളംബരം, വഴിയോരക്കാഴ്ചകള്‍, ദൗത്യം, ഭൂമിയിലെ രാജാക്കന്‍മാര്‍, വ്യൂഹം, കുട്ടേട്ടന്‍, അപ്പു (പശ്ചാത്തല സംഗീതം), മഹായാനം (പശ്ചാത്തല സംഗീതം), നാടോടി, കാഴ്ചയ്ക്കപ്പുറം, എന്നോടിഷ്ടം കൂടാമോ, കിലുക്കം, ജോണി വാക്കര്‍, ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം, വാല്‍സല്യം, പൈതൃകം, സൈന്യം, സോപാനം, മിന്നാരം, മാന്നാര്‍ മത്തായി സ്പീക്കിങ്, മാന്ത്രികം, സ്ഫടികം തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page