പെരിയ കല്യോട്ടെ ഇരട്ട കൊലക്കേസ് പ്രതികള്‍ക്ക് നിരന്തരം പരോള്‍; കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബം

കാസര്‍കോട്: പെരിയ ഇരട്ട കൊലക്കേസ് പ്രതികള്‍ക്ക് നിരന്തരം പരോള്‍ അനുവദിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബം പറഞ്ഞു. പ്രതികള്‍ക്ക് നിരന്തരം പരോള്‍ ലഭിക്കുന്നതില്‍ ആശങ്കയുണ്ടെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യമോ നീതിയോ നോക്കാതെ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് സര്‍ക്കാരെന്ന് ശരത്‌ലാലിന്റെ പിതാവ് സത്യനാരായണ്‍ ആരോപിച്ചു. ജയിലിലും സിപിഎം ബന്ധമുളള പ്രതികള്‍ക്ക് സര്‍ക്കാര്‍ എല്ലാ സൗകര്യവും ഒരുക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടതി ശിക്ഷ വിധിച്ചിട്ടും പ്രതികള്‍ എപ്പോഴും പുറത്താണെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ പറഞ്ഞു. ഉന്നത നേതാക്കളുടെ ഒത്താശയോടെയാണ് കൊല നടത്തിയത് എന്നതിനാല്‍ പ്രതികള്‍ നേതാക്കളുടെ പേര് പറയുമോ എന്ന് അവര്‍ ഭയപ്പെടുന്നുണ്ട്. തുടര്‍ച്ചയായുള്ള പരോള്‍ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന ആശങ്കയും ഇരുവരും പങ്കുവച്ചു.

പെരിയയിലെ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി രഞ്ജിത്ത് കഴിഞ്ഞദിവസം പരോള്‍ ലഭിച്ച് പുറത്തിറങ്ങിയിരുന്നു. 15 ദിവസത്തെ പരോള്‍ ആണ് ലഭിച്ചത്. രണ്ടരമാസം മുമ്പും പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ രഞ്ജിത്ത് പരോള്‍ കാലാവധി കഴിഞ്ഞ് അടുത്തിടെയാണ് ജയിലില്‍ തിരിച്ചെത്തിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി ജയില്‍ അധികൃതര്‍ രംഗത്തെത്തിയിരുന്നു. സ്വാഭാവിക നടപടി ആണെന്നായിരുന്നു ജയില്‍ അധികൃതര്‍ പറഞ്ഞത്.

പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരന്‍, അഞ്ചാം പ്രതി ഗിജിന്‍ എന്നിവര്‍ നിലവില്‍ പരോളിലാണ്. ശിക്ഷ വിധിച്ച പ്രതികളെ ജയിലില്‍ കഴിയാന്‍ അനുവദിക്കാതെ തുടര്‍ച്ചയായി പരോള്‍ അനുവദിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം നിയമസഭയില്‍ കൊലക്കേസുകളില്‍പ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ അംഗങ്ങളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിന് പരോള്‍ അനുവദിച്ച വിവരം പുറത്തുവരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page