തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 6 വയസ്സുകാരിയായ മകളെ കനാലില്‍ തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി

മുംബൈ: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആറുവയസ്സുകാരിയായ മകളെ കനാലില്‍ തള്ളിയിട്ട് പിതാവ് കൊലപ്പെടുത്തി. മഹാരാഷ്ട്ര നന്ദേദ് സ്വദേശി പാണ്ഡുരംഗ് കോണ്ട്(28) മംഗലെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ നന്ദേദിലെ കെരൂര്‍ ഗ്രാമത്തിലെ ബാര്‍ബര്‍ ആയ പാണ്ഡുരംഗയേയും, ഗ്രാമ സര്‍പഞ്ച് ഗണേഷ് രാമചന്ദ്ര ഷിന്‍ഡെയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഷിന്‍ഡെയാണ് മകളെ കൊലപ്പെടുത്താനുള്ള ആശയം പാണ്ഡുരംഗയ്ക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.

രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ കഴിയില്ലെന്നാണ് മഹാരാഷ്ട്രയിലെ നിയമം. പാണ്ഡുരംഗിന് മൂന്ന് മക്കളുള്ളതിനാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് മക്കളില്‍ ഒരാളെ കൊലപ്പെടുത്താന്‍ പാണ്ഡുരംഗ് തീരുമാനിച്ചത്.

മൂന്ന് മക്കളില്‍ മൂത്തത് ആറ് വയസുള്ള ഇരട്ടക്കുട്ടികളാണ്. ഇവരില്‍ ഒരാളായ പ്രാച്ചിയാണ് കൊല്ലപ്പെട്ടത്. സുഹൃത്തും പഞ്ചായത്ത് പ്രസിഡന്റുമായ ഗണേഷ് രാമചന്ദ്ര ഷിന്‍ഡെയുമായി കൊലപാതക പദ്ധതി ആസൂത്രണം ചെയ്ത പാണ്ഡുരംഗ് കുഞ്ഞുമായി മോട്ടോര്‍ സൈക്കിളില്‍ തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലേക്ക് പോവുകയും കനാലില്‍ തള്ളിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

കനാലില്‍ എന്തോ വീഴുന്നത് കണ്ട ഗ്രാമവാസികളായ കര്‍ഷകര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ഒരു പെണ്‍കുഞ്ഞിന്റെ മൃതദേഹം കനാലിലൂടെ ഒഴുകി നടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അത് നിസാമാബാദിലെ പാണ്ഡുരംഗയുടെ മകള്‍ പ്രാച്ചിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പാണ്ഡുരംഗയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വന്തം മകളോട് കാട്ടിയ പിതാവിന്റെ ക്രൂരതയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

പ്രാച്ചിയെ ഒഴിവാക്കാന്‍ പല വഴികളും തേടിയ ശേഷമാണ് കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്. ആദ്യം പ്രാച്ചിയെ ദത്തുനല്‍കാന്‍ പാണ്ഡുരംഗ് തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്പോഴും മകള്‍ അല്ലാതാകില്ല എന്നതിനാല്‍ ആ നീക്കം ഉപേക്ഷിച്ചു. ഒടുവിലാണ് കനാലില്‍ തള്ളി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page