വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച കേസ്; പ്രതിയുടെ പെണ്‍സുഹൃത്തും അറസ്റ്റില്‍, പിടിയിലായത് ചീമേനി കള്ളനോട്ട് കേസിലെ പ്രതി

പയ്യന്നൂര്‍: നടന്നു പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തില്‍ നിന്നു രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്ത കേസിലെ പ്രതിയുടെ പെണ്‍സുഹൃത്തും അറസ്റ്റില്‍. പെരിങ്ങോം, ഏച്ചിലപ്പാറയില്‍ താമസിക്കുന്ന ചീമേനി ചീനള്ള തെങ്ങിനകത്ത് ഹൗസില്‍ പി ശോഭ (45)യെ ആണ് പയ്യന്നൂര്‍ എസ്‌ഐ പി. യദുകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 2025 ജൂണ്‍ എട്ടിനു രാവിലെ എട്ടുമണിയോടെ പയ്യന്നൂർ,എടാട്ട് പിഇഎസ് വിദ്യാലയത്തിലേക്ക് പോകുന്ന റോഡില്‍ വച്ച് ഏഴിലോട് പുറച്ചേരിയിലെ മരങ്ങാടന്‍ വീട്ടില്‍ തങ്കമണി (69)യുടെ താലിമാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്. പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പില്‍ ബസ് ഇറങ്ങി സമീപത്തെ ഹോട്ടലിലേക്ക് നടന്നു പോവുകയായിരുന്നു തങ്കമണി. ഈ സമയത്ത് സ്‌കൂട്ടറില്‍ എത്തിയ ആള്‍ മാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മാല പൊട്ടിച്ചെടുത്തത് പാലക്കാട്, മണ്ണാര്‍ക്കാട്, കോട്ടോപാടം, പൂവത്താനി ഹൗസിലെ സണ്ണി പി ജോസഫി (59) ആണെന്നു കണ്ടെത്തുകയും അറസ്റ്റു ചെയ്യുകയുമായിരുന്നു. തുടർ അന്വേഷണത്തിലാണ് ശോഭയുടെ പങ്ക് കണ്ടെത്തിയത്. സംഭവദിവസത്തിനു തലേനാള്‍ എത്തിയ സണ്ണിയും ശോഭയും സ്ഥലത്ത് നിരീക്ഷണം നടത്തിയാണ് മടങ്ങിയത്. തങ്കമണിയുടെ കഴുത്തില്‍ നിന്നു പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാല ശോഭയ്ക്കാണ് സണ്ണി കൈമാറിയതെന്നു പൊലീസ് അന്വേഷണത്തില്‍ മനസിലായി. സംഭവം നടന്നതിന്റെ പിറ്റേ ദിവസം പ്രസ്തുത മാലയുമായി ശോഭ കാങ്കോല്‍ സഹകരണ ബാങ്കിൽ എത്തുകയും പണയപ്പെടുത്തി 1,32,000 രൂപ കൈപ്പറ്റിയതായും അന്വേഷണത്തില്‍ വ്യക്തമായി. കവര്‍ച്ചാ മുതല്‍ പൊലീസ് കണ്ടെടുക്കുമെന്ന് ഉറപ്പായതോടെ കാഞ്ഞങ്ങാട്, നയാബസാറിലെ ഒരു ജ്വല്ലറി ഉടമയില്‍ നിന്നു ശോഭ പണം കൈപ്പറ്റി. പണയസ്വര്‍ണ്ണം തിരിച്ചെടുത്തു വില്‍പ്പന നടത്താമെന്ന ഉറപ്പിലായിരുന്നു പണം കൈപ്പറ്റിയത്. സ്വര്‍ണ്ണം തിരികെയെടുത്തു 1,72,000 രൂപയ്ക്ക് അതേ ജ്വല്ലറിയില്‍ വില്‍പ്പന നടത്തി. ഈ പണത്തില്‍ നിന്നു സണ്ണിയുടെ പേരില്‍ നീലേശ്വരം എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് 40,000 രൂപ അയച്ചു കൊടുത്തതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ പോകുന്നതിനു മുമ്പ് സണ്ണിക്ക് മൊബൈല്‍ ഫോണും സിംകാര്‍ഡും എടുത്ത് നല്‍കിയത് ശോഭയാണെന്നും കണ്ടെത്തി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശോഭയെ കണ്ണൂര്‍ ടൗണില്‍ വച്ച് പൊലീസിന്റെ പിടിയിലായത്. പൊലീസിനു നേരെ അക്രമം, വഞ്ചന, കള്ളനോട്ട് കേസുകളില്‍ പ്രതിയാണ് ശോഭയെന്ന് പൊലീസ് പറഞ്ഞു. ദീര്‍ഘകാലമായി സണ്ണിക്കൊപ്പമാണ് ശോഭ താമസം.
എഎസ്‌ഐ രതീഷ് കുന്നൂര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ് കടമ്പേരി, മൃദുല എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page