പിതാവിൻറെ കുത്തേറ്റ് മകൾ ജുമൈലയുടെ ദാരുണാന്ത്യം: അമ്പരപ്പ് അടക്കാനാവാതെ നാട്

കാസർകോട് : വീട്ടുകാർക്കും കൂട്ടുകാർക്കും ബന്ധുക്കൾക്കും പ്രിയങ്കരിയായിരുന്ന മഞ്ചേശ്വരം തൂമിനാട് ഹിൽടോപ്പ് നഗറിലെ ജുമൈല ( 18 ) ഇന്ന് വൈകിട്ട് പിതാവിൻറെ കുത്തേറ്റ് മരിച്ചുവെന്ന വിവരം എല്ലാവരെയും അമ്പരപ്പിച്ചു. ജുമൈലക്ക് എന്തുപറ്റി എന്നറിയുന്നതിന് ജനങ്ങൾ വീട്ടുപരിസരത്തേക്ക് ഓടിയെത്തുകയായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെ ഒപ്പം ഇരുന്നു പഠിച്ച കൂട്ടുകാർ അമ്പരപ്പ് മാറ്റാൻ ആകാതെ വീർപ്പുമുട്ടി. ബായാർ സ്വദേശിയായ പിതാവ് ഉമ്മർ ഫാറൂഖിന്റെയും ഭാര്യ താഹിറയുടെയും ഏക മകളാണ് ജുമൈല . അന്നം കൊടുത്ത കൈകൊണ്ടുതന്നെ മകളുടെ അന്ത്യവും സംഭവിച്ചു എന്നത് വിശ്വസിക്കാൻ പോലും കഴിയാതെ നാട്ടുകാർ അമ്പരപ്പെടുകയാണ്. താഹിറയും ജുമൈലയും താഹിറയുടെ സഹോദരിയുടെ തൂമിനാട് ഹിൽടോപ്പിലെ വീട്ടിലാണ് താമസിക്കുന്നത്.

ഉമ്മർ ഫാറൂഖ് ഗൾഫിലായിരുന്നു. ഒന്നരമാസം മുമ്പ് നാട്ടിലെത്തിയ അയാളും ഇവർക്കൊപ്പമാണ് താമസം എന്ന് പറയുന്നു. സ്വത്തുമായി ബന്ധപ്പെട്ട് താഹിറയുടെ സഹോദരിയുടെ കുടുംബവുമായി ഉമ്മർ ഫാറൂഖ് തർക്കത്തിൽ ആയിരുന്നു എന്ന് സംസാരമുണ്ട്. തർക്കം പറഞ്ഞു തീർക്കുന്നതിന് ഉമ്മർ ഫാറൂക്കിൻ്റെ സഹോദരനും ഇന്ന് എത്തിയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. താഹിറയുടെ സഹോദരീ ഭർത്താവ് ഷേക്കുഞ്ഞിയും ഉമ്മർ ഫാറൂഖും ചർച്ചക്കിടയിൽ തർക്കത്തിൽ ഏർപ്പെട്ടു വെന്നും തർക്കത്തിനിടയിൽ ഫാറൂഖ് കത്തിയെടുത്തു ഷേക്കുഞ്ഞിക്കു നേരെ വീശുകയായിരുന്നെന്നും പറയുന്നു. ഇതിനിടയിൽ ഇരുവരെയും പിന്തിരിപ്പിക്കാൻ ജുമൈല ശ്രമിച്ചിരുന്നുവെന്നും അതിനിടയിലാണ് ജുമൈലക്കു കുത്തേറ്റതെന്നും സംസാരമുണ്ട്. ജുമൈലക്കു കഴുത്തിനടുത്തും നെഞ്ചിനും വയറിനുമാണ് മുറിവേറ്റതെന്നു പറയുന്നു. ഷേക്കുഞ്ഞിക്കും പരിക്കറ്റു. ഇരുവരെയും ഉടൻ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജുമൈലയെ രക്ഷിക്കാനായില്ല പ്ലസ് ടു കഴിഞ്ഞ ജുമൈല ഉപ്പളയിൽ കമ്പ്യൂട്ടർ വിദ്യാർത്ഥിനിയാണ് .

വീട്ടിനുള്ളിൽ രക്തം തളംകെട്ടി കിടക്കുകയാണെന്ന് പറയുന്നുണ്ട്. പോലീസ് വീടിൻറെ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. പുറത്തു നിന്ന് ആരെയും അകത്തേക്ക് കയറ്റി വിടുന്നില്ല. അക്രമത്തിന് ഉപയോഗിച്ച കത്തി കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവമറിഞ്ഞ സ്ഥലത്ത് എത്തിയ പോലീസ് ഉമ്മർഫാറൂഖിനെ കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page