കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊല ആസ്പദമാക്കിയുള്ള സിനിമക്കെതിരെ അഫാന്റെ പിതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ‘കാലം പറഞ്ഞ കഥ’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ റീലിസ് തടയണമെന്നാണ് അഫാന്റെ പിതാവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണക്ക് മുമ്പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. സിനിമ ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണക്ക് കാരണമാകും, മാത്രമല്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമയുടെ പേരില്‍ കുടുംബത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണ്, വിചാരണ കഴിയുന്നതുവരെ സിനിമ റിലീസ് ചെയ്യുന്നത് തടയണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
അതേസമയം ചിത്രത്തിന് കൂട്ടക്കൊലയുമായി ബന്ധമില്ലെന്നും ഇക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും സിനിമയുടെ സംവിധായകന്‍ പ്രസാദ് നൂറനാട് പറഞ്ഞു.







