ട്രെയിന്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല; വിദ്യാര്‍ത്ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

ലഖ്നൗ: ട്രെയിന്‍ വൈകിയതുകൊണ്ട് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ഥിനിക്ക് 9.10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി റെയില്‍വേയോട് നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശ് ബസ്തിയിലെ സമൃദ്ധി എന്ന വിദ്യാര്‍ത്ഥിനിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷന്‍ നിര്‍ദേശിച്ചത്. 45 ദിവസത്തിനകം റെയില്‍വേ നഷ്ടപരിഹാരത്തുക നല്‍കണമെന്നും വീഴ്ചവരുത്തിയാല്‍ 12 ശതമാനം പലിശ കൂടി നല്‍കണമെന്ന് ഉത്തരവില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയില്‍ 2018 മെയ് ഏഴിന് നടന്ന സംഭവത്തിലാണ് ഉപഭോക്തൃ കമ്മിഷനില്‍ നിന്നു വിദ്യാര്‍ത്ഥിനിക്ക് അനുകൂലമായ ഉത്തരവുണ്ടായിരിക്കുന്നത്. ബി.എസ്.സി ബയോടെക്‌നോളജി കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ ട്രെയിനില്‍ പോകാനായി സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിന്‍ രണ്ട് മണിക്കൂറിലധികം വൈകി. ഇതോടെ പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാനായില്ല. തുടര്‍ന്ന് പെണ്‍കുട്ടി പരാതിയുമായി ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോടതി വിദ്യാര്‍ത്ഥിനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചത്. പെണ്‍കുട്ടിക്കുണ്ടായ നഷ്ടത്തിന് റെയില്‍വെയാണ് ഉത്തരവാദിയെന്നും ഉപഭോക്തൃ കമ്മീഷന്‍ വ്യക്തമാക്കി.

പ്രവേശന പരീക്ഷയ്ക്കായി വിദ്യാര്‍ത്ഥിനി ഒരുവര്‍ഷത്തോളം നീണ്ട പരിശീലനം നടത്തിയിരുന്നു. ലഖ്നൗവിലായിരുന്നു പരീക്ഷാ സെന്റര്‍. ലഖ്നൗവിലേക്ക് പോകാനായി ബസ്തിയില്‍നിന്ന് ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ സമൃദ്ധി ടിക്കറ്റ് ബുക്ക് ചെയ്തു. രാവിലെ 11 മണിയോടെയാണ് ഈ ട്രെയിന്‍ ലഖ്നൗവില്‍ എത്തേണ്ടിയിരുന്നത്. 12.30 ആയിരുന്നു പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടിയിരുന്ന സമയം. എന്നാല്‍, അന്നേദിവസം ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് രണ്ടരമണിക്കൂറോളം വൈകി. ഇതേതുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് പരീക്ഷ എഴുതാനുള്ള അവസരവും നഷ്ടമായി.

പിന്നാലെ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന സമൃദ്ധി ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിക്കുകയായിരുന്നു. കമ്മിഷന്‍ റെയില്‍വേ മന്ത്രാലയത്തിനും റെയില്‍വേ ജനറല്‍ മാനേജര്‍ക്കും സ്റ്റേഷന്‍ സൂപ്രണ്ടിനും നോട്ടീസ് അയച്ചു. എന്നാല്‍, നോട്ടീസിന് തൃപ്തികരമായ മറുപടി ലഭിച്ചില്ല. പിന്നീട് കമ്മിഷന്‍ ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടു. ട്രെയിന്‍ വൈകിയെന്നത് റെയില്‍വേ സമ്മതിച്ചെങ്കിലും ഇതിന് കൃത്യമായ വിശദീകരണം നല്‍കാനായില്ലെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page