കനത്ത മഞ്ഞുവീഴ്ച: വിവാഹദിനത്തില്‍ ഒരടി നടക്കാനാവാതെ തണുത്ത് വിറച്ച് വരനും വധുവും; ദൃശ്യങ്ങള്‍ വൈറല്‍

മീററ്റ്: വിവാഹ ചടങ്ങ് വ്യത്യസ്തമാക്കാന്‍ വസന്ത് പഞ്ചമി ദിനത്തില്‍ വിവാഹം കഴിച്ച വരനും വധുവിനും കിട്ടിയത് എട്ടിന്റെ പണി. കടുത്ത മഞ്ഞുവീഴ്ചയില്‍ കിടുകിടാ വിറച്ചുകൊണ്ടു നടക്കുന്ന വധുവരന്‍മാരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മീററ്റില്‍ നിന്നുള്ള വധൂവരന്‍മാര്‍ക്കാണ് വിവാഹദിനത്തില്‍ അക്കിടി പറ്റിയത്. വധൂ വരന്‍മാര്‍ മാത്രമല്ല വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും തണുത്ത് മരവിച്ചിരുന്നു.

ഉത്തരാഖണ്ഡിലെ പ്രശസ്തമായ ത്രിയുഗിനാരായണ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹദിനത്തില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് അറിയാതെയാണ് ആ ദിവസം വിവാഹിതരാകാന്‍ ഇവര്‍ തീരുമാനിച്ചത്. എങ്കിലും കടുത്ത മഞ്ഞുവീഴ്ചയെ അതിജീവിച്ച് അവര്‍ വിവാഹിതരായി.

വിവാഹത്തിന് ശേഷം കനത്ത മഞ്ഞിലൂടെ നടന്നുപോകുന്ന വധൂവരന്‍മാരെ പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. മഹേന്ദ്ര സെംവാള്‍ എന്ന യൂസര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് വൈറലായത്. വളരെ പ്രശസ്തമായ ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ത്രിയുഗിനാരായണ ക്ഷേത്രം. ശിവനും പാര്‍വതിയും വിവാഹിതരായ സ്ഥലമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് ഇവര്‍ ഇവിടെ വച്ച് വിവാഹം നടത്താന്‍ തീരുമാനിച്ചത്.

വീഡിയോയില്‍, വധു കടും ചുവപ്പ് നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചിരുന്നത്. കൊടും തണുപ്പ് കാരണം, വസ്ത്രത്തിന് മുകളില്‍ ജാക്കറ്റും ധരിച്ചിട്ടുണ്ട്. നിലത്തെ മഞ്ഞില്‍ മുട്ടാതിരിക്കാനായി ഒരു സ്ത്രീ വധുവിന്റെ ലെഹങ്ക ഉയര്‍ത്തി പിടിച്ചിരിക്കുന്നത് കാണാം. വരനും ഷെര്‍വാണിക്ക് മുകളില്‍ ജാക്കറ്റുകള്‍ ധരിച്ചിട്ടുണ്ട്. കനത്ത മഞ്ഞാണെങ്കിലും പുഞ്ചിരിയോടെയാണ് വധൂ വരന്‍മാര്‍ വിവാഹശേഷം നടന്നു പോയത്.

ഏതായാലും വിവാഹം വ്യത്യസ്തമാക്കണമെന്ന ദമ്പതികളുടെ ആഗ്രഹം സഫലമായെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്. ഇത്തരമൊരു വിവാഹം അവര്‍ ഒരിക്കലും പ്രതിക്ഷിച്ചു കാണില്ലെന്നും ആളുകള്‍ തമാശ പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page