കുടുംബവഴക്ക്: മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം അമ്മായി അച്ഛന്‍ എലിവിഷം കഴിച്ച് മരിച്ചു

കുഴല്‍മന്ദം: കുടുംബവഴക്കിനെ തുടര്‍ന്ന് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം അമ്മായി അച്ഛന്‍ എലിവിഷം കഴിച്ച് മരിച്ചു. മാത്തൂര്‍ പല്ലഞ്ചാത്തനൂര്‍ നടക്കാവ് ശോഭന നിവാസില്‍ രാധാകൃഷ്ണന്‍ (75) ആണു മരിച്ചത്. മകന്റെ ഭാര്യ അമിത(40)യെ ആണ് ഇയാള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അമിതയുമായി അസ്വാരസ്യത്തിലായിരുന്ന രാധാകൃഷ്ണന്‍ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന അമിതയെ പിറകിലൂടെ പോയി വടിവാള്‍ കൊണ്ടു വെട്ടുകയായിരുന്നുവെന്ന് പറയുന്നു.

ആക്രമണത്തില്‍ അമിതയുടെ ഇടതുകയ്യിലെ മൂന്നു വിരലുകള്‍ക്ക് വെട്ടേറ്റു. ഇവരെ ഉടന്‍ തന്നെ ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് കണ്ണാടിയിലെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ രാധാകൃഷ്ണന്‍ തൊട്ടടുത്തുള്ള പഴയ വീട്ടില്‍ കയറി വാതിലടച്ച് എലിവിഷം കഴിക്കുകയായിരുന്നു. രാധാകൃഷ്ണനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പഴയ വീട്ടിനകത്തു നിന്നു ഞരക്കം കേട്ടു.

ഇതോടെ വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ അവശനിലയിലായ രാധാകൃഷ്ണനെയാണ് കാണുന്നത്. ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിന് ഒരേ വളപ്പില്‍ രണ്ടു വീടുകളുണ്ട്. തറവാട്ടു വീട്ടിലായിരുന്നു രാധാകൃഷ്ണന്‍ താമസിച്ചിരുന്നത്. രാധാകൃഷ്ണന്റെ ഭാര്യ ശോഭനയും മകന്‍ അശോകന്റെ കുടുംബവുമാണ് പുതിയ വീട്ടില്‍ താമസിച്ചിരുന്നത്. ഭക്ഷണം കഴിക്കാന്‍ മാത്രമാണു രാധാകൃഷ്ണന്‍ പുതിയ വീട്ടിലേക്കു പോകാറുള്ളത്. കോയമ്പത്തൂരില്‍ ഐടി ഉദ്യോഗസ്ഥനായ അശോക് സംഭവസമയത്ത് ജോലി സ്ഥലത്തായിരുന്നു. പരുക്കേറ്റ അമിത കുഴല്‍മന്ദം ഗുഡ് ഷെപ്പേഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page