തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ മേയര്‍ ഇല്ല; അസാന്നിധ്യം ചര്‍ച്ചയാവുന്നു

തിരുവനന്തപുരം: വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിന് തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നവരുടെ പട്ടികയില്‍ മേയര്‍ വി.വി രാജേഷിന്റെ പേരില്ലാത്തത് സംസാരം ഉയര്‍ത്തുന്നു. ബിജെപിയുടെ കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെയാണ് പ്രധാനമന്ത്രി എത്തുന്നത്. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ മുതല്‍ ബിജെപി നേതാക്കള്‍ വരെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തുമ്പോള്‍ രാജേഷ് ഇല്ലാത്തതാണ് ചര്‍ച്ചയാവുന്നത്.

തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തുന്നവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിനു കൈമാറിയിരുന്നുവെന്നും അതില്‍ മേയറുടെ പേരും ഉണ്ടായിരുന്നുവെന്നും പറയുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച ലിസ്റ്റില്‍ മേയറുടെ പേര് ഒഴിവാക്കപ്പെട്ടതായി പറയുന്നുണ്ട്.

സുരക്ഷാ കാരണങ്ങളാലാണ് മേയര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താത്തതെന്നാണ് വിവരം. തിരുവനന്തപുരത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന രണ്ട് പരിപാടികളില്‍ മേയര്‍ പങ്കെടുക്കുന്നുണ്ടെന്നും ഇവിടങ്ങളില്‍ പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് വേദിയില്‍ എത്തേണ്ടതിനാലാണ് മേയര്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാത്തതെന്നും അധികൃതര്‍ പറയുന്നു.

ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഉയര്‍ന്ന സൈനിക – പൊലീസ് ഉദ്യോഗസ്ഥര്‍, ബിജെപി നേതാക്കള്‍ അടക്കം 22 പേരാണ് വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തുന്നത്. സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയര്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ മേയര്‍ പോകുന്നത് പതിവാണ്.

വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോയായി പോകുന്ന പ്രധാനമന്ത്രി, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും അതിവേഗ റെയില്‍ പാതയുടെ പ്രഖ്യാപനവും നടത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page