പൈങ്ങോട്ടൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ സമപ്രായക്കാരായ 4പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കേസെടുത്ത് പൊലീസ്

കൊച്ചി: പൈങ്ങോട്ടൂരില്‍ 15കാരനായ സ്‌കൂള്‍ വിദ്യാര്‍ഥിയെ സമപ്രായക്കാരായ നാലുപേര്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഒരാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട നാലു പേര്‍ക്കുമെതിരെ പോത്താനിക്കാട് പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 325ാം വകുപ്പു പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് വീഡിയോയില്‍ ഉള്‍പ്പെട്ട നാലു പേരെയും ഇവരുടെ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മര്‍ദിച്ചവരെ വിളിപ്പിക്കും.

പൈങ്ങോട്ടൂര്‍ ബസ് സ്റ്റാന്‍ഡിനു സമീപം ഉപയോഗിക്കാതെ കിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റിനുള്ളില്‍ വച്ചായിരുന്നു മര്‍ദനം. മൂന്നു പേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ ചോദ്യം ചെയ്യുന്നതും ഇടക്കിടെ മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നാലാമനാണ് ദൃശ്യം പകര്‍ത്തിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കുട്ടി ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്നത് വരെയുള്ള ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. കുറ്റക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ കരഞ്ഞപേക്ഷിച്ചതിനെ തുടര്‍ന്ന് സംഭവം ഒത്തുതീര്‍പ്പിലെത്തിയെങ്കിലും അതിക്രമത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പരാതിയുമായി മുന്നോട്ടു പോകാന്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. മര്‍ദിച്ചവരില്‍ രണ്ടു പേര്‍ വിദ്യാര്‍ഥികളും മറ്റു രണ്ടു പേര്‍ പഠനം നിര്‍ത്തിയവരുമാണെന്ന് പൊലീസ് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page