മണിപ്പൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ കുക്കി വംശജയായ യുവതി മരിച്ചു, ക്രൂര പീഡനം അതിജീവിച്ച രണ്ട് വര്‍ഷം

ഇംഫാല്‍: മെയ്‌തേയ്-കുക്കി വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഇംഫാലില്‍
നിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കുക്കി വംശജയായ യുവതി മരിച്ചു.
അതിക്രമത്തെത്തുടര്‍ന്നുണ്ടായ ശാരീരികവും മാനസികവുമായ ആഘാതങ്ങള്‍ മൂലം ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് യുവതി മരണത്തിന് കീഴടങ്ങിയത്. രണ്ട് വര്‍ഷം മുന്‍പ് നേരിട്ട ശാരീരിക ബുദ്ധിമുട്ടികളില്‍ നിന്നും യുവതി ഒരിക്കലും മുക്തയായിരുന്നില്ലെന്നും ഇത് ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നതായും കുടുംബം പറഞ്ഞു. ഇംഫാലില്‍ നിന്നാണ് യുവതിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ നാലുപേര്‍ ചേര്‍ന്ന് ഒരു ബൊലേറോ കാറില്‍ കയറ്റി കൊണ്ടുപോവുകയും മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. കുന്നിന്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട യുവതി അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് അവരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. കലാപം രൂക്ഷമായിരുന്നതിനാല്‍ രണ്ടു മാസത്തിന് ശേഷം ജൂലൈ 21നാണ് പൊലിസില്‍ പരാതി നല്‍കാന്‍ സാധിച്ചത്. മീര പൈബി അംഗങ്ങളാണ് പെണ്‍കുട്ടിയെ മെയ്‌തേയ് പുരുഷന്മാര്‍ക്ക് കൈമാറിയതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചിരുന്നു. സംഭവത്തിന് മുമ്പ് വളരെ സന്തോഷവതിയായിരുന്ന തന്റെ മകള്‍, ആ ക്രൂരതയ്ക്ക് ശേഷം ചിരിക്കാന്‍ പോലും മറന്നുപോയെന്ന് പെണ്‍കുട്ടിയുടെ മാതാവ് പ്രതികരിച്ചു. 20 കാരിക്ക് നീതി ഉറപ്പാക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും കുക്കി സംഘടനയായ ഐടിഎല്‍എഫ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. മണിപ്പൂരിലെ കലാപത്തില്‍ ഇതുവരെ 260ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 50,000ത്തോളം പേര്‍ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page