നിരീക്ഷണ ക്യാമറ ചതിച്ചില്ല; ക്ഷേത്രത്തില്‍ നഷ്ടപ്പെട്ടുപോയ വിവാഹമോതിരം തിരിച്ചു കിട്ടി, ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍

പയ്യന്നൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ അരപ്പവനിലധികം തൂക്കം വരുന്ന വിവാഹമോതിരം ക്ഷേത്രത്തില്‍ കളഞ്ഞുപോയി. തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. ഒടുവില്‍ ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യം പരിശോധിച്ചപ്പോള്‍ മോതിരം തിരിച്ചുകിട്ടി. മോഷ്ടിച്ച ശുചീകരണ വിഭാഗം ജീവനക്കാരിയെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ സസ്‌പെന്റ് ചെയ്തു. പയ്യന്നൂര്‍ ടൗണിനടുത്ത ഒരു ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം ഇരുപത്തിരണ്ടിന് ക്ഷേത്ര ദര്‍ശനത്തിനെത്തിയ പയ്യന്നൂരിലെ യുവതിയുടെ മോതിരമാണ് നഷ്ടമായത്. വിവാഹ മോതിരം ക്ഷേത്രത്തിനകത്ത് വീണതാണെന്നു ഉറപ്പായിരുന്നു. യുവതി അപ്പോള്‍ തന്നെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വൈകുന്നേരത്തോടെ യുവതിയും ബന്ധുക്കളും എത്തി ക്ഷേത്ര ജീവനക്കാരുടെ സഹായത്തോടെ വീണ്ടും തിരച്ചില്‍ നടത്തി. കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജീവനക്കാരിയായ യുവതി സംഭവ ദിവസം ഉച്ചക്ക് ശുചീകരണ പ്രവൃത്തിക്കിടെ മോതിരം എടുത്തു വെക്കുന്ന ദൃശ്യം ലഭിച്ചത്. തുടര്‍ന്ന് പിടിയിലാകുമെന്ന ഘട്ടം വന്നതോടെ മോതിരം ക്ഷേത്രഗോപുരത്തിന് സമീപം ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ക്ഷേത്രത്തിലെ ക്യാമറ കണ്ണുകള്‍ അതും വെളിച്ചത്തു കൊണ്ടുവന്നു. ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് യോഗം ചേരുകയും ജീവനക്കാരിക്കെതിരെ നടപടിക്ക് എക്‌സിക്യൂട്ടിവ് ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ ജീവനക്കാരിയെ ജോലിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page