മീഞ്ച പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം: ലീഗ് ഓഫീസില്‍ കയ്യാങ്കളി; വനിതാ മെമ്പറെ തള്ളിമാറ്റിയതായി പരാതി

മഞ്ചേശ്വരം: മീഞ്ച പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം വെള്ളിയാഴ്ച രാവിലെ മീഞ്ച പഞ്ചായത്ത് ലീഗ് ഓഫീസില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു. ലീഗ് ഓഫീസിലുണ്ടായിരുന്ന ഒരു വനിതാ മെമ്പറെയും അക്രമിച്ചതായി ആക്ഷേപമുണ്ട്.
ഒരു സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്കു ലീഗ് മെമ്പര്‍മാരായ സലീമിന്റെയും കെ. സിദ്ദിഖിന്റെയും പേരുകള്‍ മുന്നോട്ടുവന്നതിനെ തുടര്‍ന്ന് മണ്ഡലം കമ്മിറ്റി പഞ്ചായത്തു കമ്മിറ്റിയോടു ചര്‍ച്ച പോലും ചെയ്യാതെ അതിലൊരു പേരു നിര്‍ദ്ദേശിക്കുകയായിരുന്നെന്നു പറയുന്നു. പഞ്ചായത്തില്‍ അത് സംബന്ധിച്ചു ചേരിതിരിവു പ്രകടമായതോടെ ജില്ലാ കമ്മിറ്റി പ്രശ്‌നത്തിലിടപെടുകയും സലിമിനെ തല്‍സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കുകയുമായിരുന്നു. ഇന്നു സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പു നടക്കുന്നതിനു മുന്നോടിയായി പഞ്ചായത്തു മെമ്പര്‍മാരും പ്രവര്‍ത്തകരും ലീഗ് പഞ്ചായത്ത് കമ്മിറ്റിയില്‍ എത്തിക്കൊണ്ടിരിക്കെയാണ് പ്രകോപിതരായ ഒരു സംഘം പ്രവര്‍ത്തകര്‍ ഓഫീസില്‍ കയറി തീരുമാനത്തെ എതിര്‍ത്തതെന്നു പറയുന്നു. പഞ്ചായത്തില്‍പ്പെട്ട പാര്‍ട്ടി കാര്യം തീരുമാനിക്കുന്നതു പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിച്ചായിരിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച തര്‍ക്കം വാക്കേറ്റത്തിലും ഉന്തും തള്ളലിലും കലാശിക്കുകയായിരുന്നു. ഇതിനിടയിലെത്തിയ വനിതാ പ്രവര്‍ത്തകരെയും ഉന്തി മാറ്റിയെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നു. പഞ്ചായത്തിലെ പാര്‍ട്ടിക്കാര്യം ചില അദൃശ്യ ശക്തികളാണ് കൈകാര്യം ചെയ്യുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിട്ടുള്ളതെന്നറിയുന്നു. അതേ സമയം ബഹളമുണ്ടാക്കിയവര്‍ കരിഓയിലും കരുതിയിട്ടുണ്ടായിരുന്നുവെന്ന് മറുവിഭാഗം പറഞ്ഞു. ബഹളം കേട്ട് പരിസരങ്ങളിലുണ്ടായിരുന്നവര്‍ ഓഫീസിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു. ഓഫീസിനു താഴിടാനും ശ്രമമുണ്ടായിരുന്നുവെന്ന് പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page