‘പക്ഷിപ്പാട്ടിന്റെ’ നൂറാം വാര്‍ഷികം: കാസര്‍കോട്ട് ഒരുക്കം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നു. പക്ഷിപ്പാട്ട് രചയിതാവിന്റെ ജന്മദേശമായ കാസര്‍കോട്ടു വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മൊഗ്രാല്‍ ഇശല്‍ ഗ്രാമത്തിലെ കവിക്കൂട്ടത്തിലെ പ്രധാനിയായ നടത്തോപ്പില്‍ അബ്ദുള്ള രചിച്ച ഇസ്ലാമിക കാവ്യമായാണ് പക്ഷിപ്പാട്ട് അറിയപ്പെടുന്നത്. ഇതിന് പിന്നീട് യക്ഷഗാന രൂപവും നല്‍കിയിരുന്നു. അക്ബര്‍ സദഖ, ഖിസ്വത്ത് ത്വയിര്‍ എന്നും പക്ഷിപ്പാട്ടിന് പേരുണ്ട്. ഇതിന്റെ ഇതിവൃത്തവും സാഹിത്യ ഭംഗിയും കൊണ്ട് മാപ്പിള കലാസ്വാദകര്‍ ഇതിനെ നെഞ്ചേറ്റുന്ന കാഴ്ച മുന്‍കാലങ്ങളില്‍ പ്രകടമായിരുന്നു. ഇന്നും അത് കലാസ്വാദകരുടെ മനസ്സില്‍ മായാതെ നിലനില്‍ക്കുന്നു. ഒരു ആണ്‍പക്ഷിയും, പെണ്‍പക്ഷിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് പക്ഷിപ്പാട്ടിലൂടെ പാടി പറയുന്നത്.
നൂറാം വാര്‍ഷികം ആചരിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച 4.30ന് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളിനടുത്തെ പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളില്‍ സംഘാടക സമിതി രൂപീകരിക്കും. മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി സെക്രട്ടറി ബഷീറും നിര്‍വാഹക സമിതി അംഗം പക്കര്‍ പുന്നൂറും യോഗത്തില്‍ സംബന്ധിക്കും. മുഴുവന്‍ കലാസ്‌നേഹികളും സംബന്ധിക്കണമെന്ന് അക്കാദമി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ രണ്ടത്താണി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page