വീടു കുത്തിത്തുറന്ന് 10 പവൻ സ്വർണ്ണവും 10,000 രൂപയും കവർന്ന കേസ്; വിവാഹ തട്ടിപ്പ് വീരനായ നവാസ് അറസ്റ്റിൽ

കണ്ണൂർ:മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് പത്ത് പവന്റെ ആഭരണങ്ങളും 10,000രൂപയും കവര്‍ച്ച ചെയ്ത കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിയും പാലക്കാട് അലനെല്ലൂര്‍ വട്ടമനപുരത്ത് താമസക്കാരനുമായ കൊളത്തനോടന്‍ ഹൗസില്‍ എം. നവാസ് (55) ആണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എ.സി.പി: എം.പി ആസാദിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ മട്ടന്നൂര്‍ എസ്.ഐ സി.പി ലിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
എടയന്നൂര്‍ തെരുര്‍ പൗര്‍ണമിയിലെ ടി. നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 21ന് രാവിലെ വീട് പൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോയ നാരായണനും കുടുംബവും 28ന് വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വീട്ടിലെ സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോഴാണ് പൊലീസിന് കവര്‍ച്ചക്കാരനെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ജൂലായില്‍ മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പള്ളിയില്‍ കയറി 80,000രൂപ കവര്‍ച്ച ചെയ്ത കേസില്‍ ഇയാള്‍ അവിടെ പിടിയിലായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. ഈ കേസില്‍ സപ്തംബറില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു.
വിവാഹത്തട്ടിപ്പ് വീരന്‍കൂടിയാണ് നവാസ്. കൊല്ലത്ത് നിന്ന് ഉരുവച്ചാലില്‍ എത്തി അവിടെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് ഏറെക്കാലം താമസിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. പിന്നീട് അവിടെ നിന്ന് അഞ്ച് വര്‍ഷം മുമ്പ് മുങ്ങുകയായിരുന്നു. നേരെ പാലക്കാടെത്തി അവിടെ വിവാഹം കഴിച്ച് കുറേക്കാലം താമസമാക്കി. തുടര്‍ന്നാണ് മലപ്പുറം കാളികാവില്‍ എത്തി അവിടെ പരിചയപ്പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചത്. ഏഴ് മാസത്തോളം അവിടെ താമസിക്കുന്നതിനിടെയാണ് കാളികാവ് പള്ളിയില്‍ കവര്‍ച്ച നടത്തിയതും പൊലീസിന്റെ പിടിയിലാവുകയും ചെയ്തത്. ജാമ്യത്തിലിറങ്ങിയശേഷം മട്ടന്നൂരില്‍ എത്തി കവര്‍ച്ച നടത്തുകയായിരുന്നു. കവര്‍ച്ചക്കുശേഷം കര്‍ണ്ണാടക ഭാഗത്തേക്കാണ് ഇയാള്‍ മുങ്ങിയതെന്നാണ് സൂചന. പൊലീസ് നവാസിനായി വലവിരിച്ചിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെ മൈസൂരിവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നവാസ് ഉണ്ടെന്ന സൂചന ലഭിച്ചു. മാനന്തവാടിയില്‍ ബസ് തടഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യംചെയ്തശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.
എ.എസ്.ഐ: ജോബി, സി.പി.ഒമാരായ രതീഷ്, ഷംസീര്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page