കാസര്‍കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 37 കുടുംബങ്ങളെ ക്യാമ്പുകളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. 73 പുരുഷന്മാരെയും 60 സ്ത്രീകളെയും 27 കുട്ടികളെയുമാണ് ക്യാമ്പുകളിലേയ്ക്ക് മാറ്റിയിട്ടുള്ളതെന്നു ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. കനത്ത മഴയും മണ്ണിടിച്ചല്‍ ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലയില്‍ ഇന്നലെ (ശനി)രണ്ടിടത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. പാലാവയല്‍ വില്ലേജിലെ തയ്യേനിയിലും മാലോത്ത് വില്ലേജിലെ കാറ്റാം കവലയുമാണ് ഉരുള്‍പ്പൊട്ടിയത്.
ദേലംപാടി വില്ലേജിലെ ഉജംപാടിയില്‍ വീട് ഭാഗികമായി തകര്‍ന്ന് 14 വയസ്സുള്ള അശ്വനി എന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു. പനത്തടി വില്ലേജിലെ നെല്ലിക്കുന്ന്, ദേലംപാടി, ഉജംപാടി പഡ്രെ, ബായാര്‍ എന്നിവിടങ്ങളില്‍ നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു.
പയ്യന്നൂര്‍, മാടായി എന്നിവിടങ്ങളിലായി രണ്ടു വീടുകള്‍ തകര്‍ന്നു. കുട്ടി ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ക്കു പരിക്കേറ്റു.








