ചെറുവത്തൂര്‍: ശനിയാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയില്‍ ചെറുവത്തൂര്‍ പഞ്ചായത്തിലെ കിഴക്കേമുറി നടപ്പാലം തകര്‍ന്നു. പ്രദേശവാസികളുടെ യാത്ര ദുരിതത്തിലായി. ഞായറാഴ്ച രാവിലെയാണ് പാലം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകവനത്തിലെ ഉരുള്‍പൊട്ടലിലെ തുടര്‍ന്ന് വലിയ രീതിയിലുള്ള വെള്ളമാണ് കാര്യങ്കോട് പുഴയിലൂടെ കുത്തിയൊലിച്ചുവന്നത്. വെള്ളത്തില്‍ ഒഴുകി വന്ന മരങ്ങള്‍ ഇടിച്ചാണ് പാലത്തിന്റെ തൂണ് തകര്‍ന്നിരിക്കുന്നത്. 2018 ലെ പ്രളയത്തിലും പാലം തകര്‍ന്നിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. കാരിയില്‍, കുണ്ടുപടന്ന, കുറ്റിവയല്‍, പതിക്കാല്‍, കിഴക്കേമുറി എന്നിവിടങ്ങളിലെ നൂറിലേറെ വിദ്യാര്‍ഥികള്‍ ഈ പാലം കടന്നാണ് അച്ചാംതുരുത്തി രാജാസ് എയുപി സ്‌കൂളില്‍ എത്തുന്നത്. ഇനി ഈ കുട്ടികളും ഇരുകരകളിലെ ആളുകളും അഞ്ചുകിലോമീറ്റളോളം ചുറ്റി സഞ്ചരിച്ചുവേണം ലക്ഷ്യങ്ങളിലെത്താന്‍. 2008ല്‍ ജില്ലാ പഞ്ചായത്താണ് ചെറുവത്തൂര്‍ കിഴക്കേമുറി പുറത്തേമാട് പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടപ്പാലം നിര്‍മിച്ചത്. പാലം തകര്‍ന്നതറിഞ്ഞ് എംഎല്‍എ സന്ദീപ് വാര്യരും പഞ്ചായത്ത് ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.









