കാസര്‍കോട്: മഴവെള്ളപ്പാച്ചിലില്‍ വാസയോഗ്യമല്ലാതായ വീട് ശുചീകരിച്ച് ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ മാതൃകയായി. കാക്കടവിലെ ഷഹീലയുടെ വീടാണ് ഡിവൈഎഫ്‌ഐ ചീമേനി ഈസ്റ്റ് മേഖലാ യൂത്ത് ബ്രിഗേഡിന്റേ നേതൃത്വത്തില്‍ ശുചീകരിച്ചത്. ശനിയാഴ്ചയാണ് അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഷഹീലയുടെ വീട്ടില്‍ ചെളിയും വെള്ളവും കയറിയത്. ഇന്ന് (ഞായര്‍) രാവിലെയോടെ വെള്ളം ഇറങ്ങിയതിനെ തുടര്‍ന്നാണ് യൂത്ത് ബ്രിഗേഡ് അംഗങ്ങള്‍ ശുചീകരണത്തിനായി എത്തിയത്. ഏറെ നേരം നീണ്ടു നിന്ന ശുചീകരണത്തിന് ഒടുവിലാണ് വീട് പൂര്‍വ്വ സ്ഥിതിയിലാക്കിയത്. കയ്യൂര്‍ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിവി ജനാര്‍ദ്ദനന്‍, ഡിവൈഎഫ്‌ഐ ഈസ്റ്റ് മേഖലാ സെക്രട്ടറി രജിന്‍, ഒന്‍പതാം വാര്‍ഡ് അംഗവും മേഖലാ ട്രഷററുമായ ധനേഷ്, മേഖലാ ജോയിന്റ് സെക്രട്ടറി സുധിന്‍ പള്ളിപ്പാറ, യൂത്ത് ബ്രിഗേഡ് ക്യാപ്റ്റന്‍ അജീഷ്, വിപിന്‍, വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.








