ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

തൃശൂര്‍: ആളുമാറി കസ്റ്റഡിയില്‍ എടുത്ത യുവാവിന് മേല്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനമെന്ന് പരാതി. കുറ്റൂര്‍ ചാമക്കാട് പുതുകുളങ്ങരയില്‍ പി.എസ്.ശരത്തി(31)നാണ് വിയ്യൂര്‍ സ്റ്റേഷനിലെ പൊലീസ് സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.
ശരത്തിന്റെ ദേഹമാസകലം മര്‍ദനമേറ്റതിന്റെ പാടുകളുണ്ട്. കണ്ണിന്റെ ഭാഗത്ത് ലാത്തി കൊണ്ടുള്ള അടിയേറ്റുവെന്നും കാഴ്ചയ്ക്ക് മങ്ങലുണ്ടെന്നും ശരത് പറയുന്നു.

നെയ്തലക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ശരത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘര്‍ഷമുണ്ടാക്കിയവരില്‍ ശരത് എന്നയാളുടെ പേരും ഉണ്ടായിരുന്നു. ഈ ശരത്തിനെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം കാപ്പാ കേസിലടക്കം പ്രതിയായ പി.എസ്. ശരത്ത് ആണ് പ്രതിയെന്ന് തെറ്റിദ്ധരിച്ച് കസ്റ്റഡിയിലെടുക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശരത്തിന്റെ സഹോദരന്‍ രാജീവിന്റെ വീട്ടിലെത്തിയാണ് മര്‍ദ്ദിച്ചതെന്നും ബന്ധുക്കള്‍ കമ്മിഷണര്‍ക്ക് അടക്കം നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഉത്സവം കാണാന്‍ പോയിട്ടില്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് അത് ചെവിക്കൊള്ളാതെ ഉന്തിത്തള്ളി ജീപ്പില്‍ കയറ്റിയപ്പോള്‍ തലയിടിച്ചും പരുക്കേറ്റു.

ആളു മാറിയാണ് അറസ്റ്റ് ചെയ്തതെന്ന് പിന്നീടാണ് പൊലീസ് മനസ്സിലാക്കുന്നത്. ഇതോടെ രാത്രി ഒന്നരയ്ക്ക് സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു. പരുക്കുകള്‍ ഉള്ളതിനാല്‍ പൊലീസ് ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീട്ടിലെത്തിയ ശേഷം രാവിലെ അസ്വസ്ഥത തോന്നിയതിനാല്‍ സഹകരണ ആശുപത്രിയിലെത്തി ചികിത്സ തേടിയതായി ശരത് പറയുന്നു.

ശരത്തിന്റെ സഹോദരന്റെ ഭാര്യ വിയ്യൂര്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയെങ്കിലും എസ്.എച്ച്.ഒ സ്ഥലത്തില്ലെന്ന് പറഞ്ഞു പരാതി സ്വീകരിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവം വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. വിശേഷ ദിവസങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കാപ്പാ കേസ് പ്രതികളെയും കേഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയും കസ്റ്റഡിയിലെടുക്കാറുണ്ടെന്നും ശരത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page