മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി റെയില്‍വേ

മലപ്പുറം: മലപ്പുറം ജില്ലയിലെ മലയോര മേഖലയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് പുതുവത്സര സമ്മാനവുമായി റെയില്‍വേ. നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകള്‍ കൂടി അനുവദിച്ചു. ഒരു എസി ത്രീ ടയര്‍ കോച്ചും ഒരു സ്ലീപ്പര്‍ കോച്ചുമാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണം 14 ല്‍ നിന്ന് 16 ആയി ഉയരും. യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം നിലമ്പൂര്‍ – മൈസൂരു റെയില്‍വേ ആക്ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ ഇടപെടലിനെത്തുടര്‍ന്നാണ് റെയില്‍വേ അംഗീകരിച്ചത്.

പുതുക്കിയ കോച്ചുകളുമായി ഡിസംബര്‍ 31 ന് കൊച്ചുവേളിയില്‍ നിന്ന് 16349 നമ്പര്‍ ട്രെയിനും, ജനുവരി ഒന്നിന് നിലമ്പൂരില്‍ നിന്ന് 16350 നമ്പര്‍ ട്രെയിനും സര്‍വീസ് പുറപ്പെടും.

നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ മെമു സര്‍വീസുകള്‍ ആരംഭിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പാതയുടെ വൈദ്യുതീകരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ മെമു സര്‍വീസുകള്‍ വര്‍ദ്ധിക്കുന്നത് ഹ്രസ്വദൂര യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.

യാഡ് നവീകരണവും പ്ലാറ്റ്‌ഫോം വികസനവും പൂര്‍ത്തിയാകുന്നതോടെ രാജ്യറാണി എക്സ്പ്രസില്‍ ഇനിയും കോച്ചുകള്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. നിലമ്പൂര്‍ പാതയില്‍ വരാനിരിക്കുന്ന ഈ വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ റെയില്‍വേ യാത്രാ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കും. ഇതിന് പുറമെ നിലമ്പൂര്‍ പാതയിലെ പ്രധാന സ്റ്റേഷനുകളില്‍ 24 കോച്ചുകള്‍ നിര്‍ത്താന്‍ സൗകര്യമുള്ള പ്ലാറ്റ് ഫോമുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ റെയില്‍വെ നിര്‍ദ്ദേശിച്ചു.

ക്രോസിങ് സ്റ്റേഷനുകള്‍: മേലാറ്റൂര്‍, കുലുക്കല്ലൂര്‍ എന്നിവിടങ്ങളിലെ പുതിയ ക്രോസിങ് സ്റ്റേഷന്‍ പ്രവൃത്തികള്‍ വരുന്ന മാര്‍ച്ചോടെ പൂര്‍ത്തിയാകും. ഇത് നിലമ്പൂര്‍ പാതയിലെ ട്രെയിനുകളുടെ വൈകിയോട്ടം ഒഴിവാക്കാന്‍ സഹായിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page