കണ്ണില്ലാത്ത ക്രൂരത; പ്രണയബന്ധം പുറത്തുപറയുമെന്ന് ഭയം; വിവാഹത്തിന് തൊട്ടുമുമ്പ് ലിവിംഗ് ടുഗെദര്‍ പങ്കാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

നോയിഡ: ലിവിംഗ് ടുഗെദര്‍ പങ്കാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂര്‍ സ്വദേശിയായ ബിലാല്‍ എന്ന ടാക്‌സി ഡ്രൈവറാണ് അറസ്റ്റിലായത്. രണ്ട് വര്‍ഷത്തിലേറെയായി ഒപ്പമുണ്ടായിരുന്ന ലിവിംഗ് ടുഗെദര്‍ പങ്കാളിയെ വിവാഹത്തിന് ഏഴ് ദിവസം മുന്‍പാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. ഡിസംബര്‍ 14 ന് മറ്റൊരു യുവതിയുമായി യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പങ്കാളിയായ യുവതി താനുമായുള്ള ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭയന്ന യുവാവ് യുവതിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഹരിയാനയിലെ കലേശര്‍ ദേശീയ പാര്‍ക്കില്‍ ശിരസ് അറുത്ത് മാറ്റി ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തുവരുന്നത്. ഡിസംബര്‍ ഏഴിനാണ് നഗ്‌നമാക്കപ്പെട്ട യുവതിയുടെ മൃതദേഹഭാഗം പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കണ്ടെത്തുന്നത്. പ്രധാന റോഡില്‍ നിന്ന് 20 മീറ്ററിലേറെ മാറിയാണ് മൃതദേഹം ലഭിച്ചത്. ക്രൈംബ്രാഞ്ചും പൊലീസും പ്രത്യേക സംഘമായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സഹാറന്‍പൂര്‍ സ്വദേശിയായ ഉമ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഉമയും ബിലാലും ഒരുമിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് ബിലാലിന് മേല്‍ ഉമ സമ്മര്‍ദ്ധം ചെലുത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ചേര്‍ന്ന് മറ്റൊരു യുവതിയുമായുള്ള ബിലാലിന്റെ വിവാഹം ഉറപ്പിച്ചു. വീട്ടുകാരോട് ഉമ തങ്ങളുടെ ബന്ധത്തേക്കുറിച്ച് പറയുമോയെന്ന ആശങ്കയിലാണ് യുവാവ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകം ആസൂത്രണം ചെയ്ത പ്രതി ഡിസംബര്‍ ആറിന് രാത്രി എട്ട് മണിയോടെ സഹാറന്‍പൂരില്‍ നിന്ന് ഉമയെ കൂട്ടി കാറില്‍ യാത്ര തുടങ്ങി. ഏറെ ദൂരം കാറില്‍ കറങ്ങിയ ശേഷമാണ് കൊലപാതകം നടന്ന സ്ഥലത്തെത്തിയത്. കാറില്‍ സീറ്റ് ബെല്‍റ്റ് അഡ്ജസ്റ്റ് ചെയ്യാനെന്ന മട്ടില്‍ സീറ്റ് പിന്നിലോട്ട് ഇട്ടായിരുന്നു ബിലാല്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം കാറില്‍ വച്ച് ഉമയുടെ തല അറുത്ത് മാറ്റി അര കിലോമീറ്ററോളം വാഹനമോടിച്ച് പ്രതാപ് നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റോഡരികില്‍ മൃതദേഹം ഉപേക്ഷിച്ചു. ആളെ തിരിച്ചറിയാതിരിക്കാനായിരുന്നു തല അറുത്ത് മാറ്റിയത്. സിസിടിവി ക്യാമറകളും മൊബൈല്‍ ഫോണ്‍ ലൊക്കേഷനടക്കമുള്ള വിവരങ്ങളും, കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കമുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് പൊലീസ് ബിലാലിനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 13ന് രാത്രി വിവാഹ തയ്യാറെടുപ്പുകള്‍ക്കിടെയായിരുന്നു ബിലാലിന്റെ അറസ്റ്റ്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കലേശറിലെ വനമേഖലയില്‍ നിന്ന് ഉമയുടെ ശിരസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുകയാണ് ബിലാല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page